തൃശൂര്‍: കോടികളില്‍നിന്ന് കോടികളിലേക്കു പെരുകി കൊടകര കുഴൽപ്പണക്കേസ് കൂടുതല്‍ സങ്കീര്‍ണമാകുന്നു.
കോഴിക്കോടുനിന്ന് തൃശൂരിലേക്ക് കൊണ്ടുവന്നത് 9.80 കോടി രൂപയാണെന്നും ഇതില്‍ ആറരക്കോടി തൃശൂരില്‍ കൊടുത്തേല്‍പ്പിച്ച ശേഷം ബാക്കിയുള്ള മൂന്നരക്കോടിയലധികം രൂപയുമായി പോകുന്നതിനിടെയാണ് കൊടകരയില്‍ വച്ച് തട്ടിയെടുക്കപ്പെട്ടത് എന്നുമാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.
തൃശൂരില്‍ ആരോപണ വിധേയനായ ജില്ലാ നേതാവിനാണ് ആറരക്കോടി കൈമാറിയതെന്നും സൂചനകളുണ്ട്. അന്വേഷണസംഘം ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണ്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങളിലൊന്നായ തൃശൂരില്‍ പ്രചാരണത്തിനും മറ്റും ചിലവഴിക്കാനാണ് ഈ തുക എത്തിച്ചതെന്നാണ് പോലീസ് നിഗമനം.
കോഴിക്കോടുനിന്ന് ധര്മരാജന് പണവുമായി എത്തുന്ന വിവരം തൃശൂരിലെ നേതാക്കള്‍ക്കും അറിവുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
കോഴിക്കോടു മുതല്‍ തൃശൂര്‍ വരെയുള്ള യാത്രയ്ക്കിടെ എന്തു പ്രശ്നമുണ്ടായാലും നേരിടാന്‍ ആവശ്യമായ സന്നാഹങ്ങളും ഒരുക്കിയിരുന്നു.
ഇത്രയേറെ പണവുമായി കോഴിക്കോടുനിന്നു തൃശൂര്‍വരെ പരിശോധനകളെല്ലാം മറികടന്ന് ധര്‍മ്മരാജനും കൂട്ടരും എങ്ങനെ എത്തി എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
കള്ളപ്പണം പിടികൂടാന്‍ ഈ സമയത്തെല്ലാം പോലീസ് പട്രോളിംഗ് സംസ്ഥാനത്ത് ഊര്ജിതമായിരുന്നു.
എ പ്ലസ് മണ്ഡലങ്ങളിലേക്ക് രണ്ടു മുതല്‍ നാലു കോടിയും മറ്റിടങ്ങളിലേക്ക് ഒന്നര കോടി മുതല്‍ അമ്പതു ലക്ഷം, 25 ലക്ഷം എന്നിങ്ങനെയുമായിരുന്നു പണ വിഹിതം സംബന്ധിച്ച കണക്കെന്ന് പറയുന്നു.
സുരേന്ദ്രനു പിന്നാലെ മകന്റെ പേരും വിവാദത്തില്‍
കൊടകര കുഴൽപ്പണ കേസില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന് കെ.എസ്.ഹരികൃഷ്ണന്റെ പേരും ഉള്‍പ്പെട്ടത് ബിജെപിക്ക് പുതിയ തലവേദനയായി.
ധർമ്മരാജന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ച പ്രത്യേക അന്വേഷണസംഘം അതിലൊരു നമ്പര്‍ സുരേന്ദ്രന്റെ അടുത്ത ബന്ധുവിന്റെതാണന്ന് സൂചന നൽകിയിരുന്നു. ഈ നമ്പറില്‍നിന്ന് ധര്‍മരാജനെ തുടരെ വിളിച്ചിരുന്നതായും വ്യക്തമായിരുന്നു.
സുരേന്ദ്രന്റെ മകനെ ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. ധര്‍മരാജനുമായി എന്തെങ്കിലും അടുപ്പമുണ്ടോ എന്നറിയാനാണ് ഹരികൃഷ്ണനെ വിളിപ്പിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.
കോന്നിയില്‍ സുരേന്ദ്രന്റെ പ്രചരണത്തിനിടെ ഹരികൃഷ്ണനും ധര്‍മരാജനും തമ്മില്‍ കണ്ടിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
കേസിൽ പൊലീസ് ചോദ്യംചെയ്ത സുനില്‍ നായിക് കെ.സുന്ദരയുടെ വീട്ടിലെത്തിയതിന്റെ ഫോട്ടോകള്‍ പുറത്തുവന്നതോടെ ഇയാളെ വീണ്ടും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും.
സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സുരേന്ദ്രനെയും വൈകാതെ ചോദ്യം ചെയ്യും.
ഇരുപത്തിനാലുകാരനായ ഹരികൃഷ്ണന് എൻജിനിയറിംഗ് ബിരുദധാരിയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹരികൃഷ്ണനും സജീവമായി പങ്കെടുത്തിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് ഹരികൃഷ്ണന്റെ മൊഴി എടുക്കുന്നത്.
സുരേന്ദ്രനെ ഉടന്‍ ചോദ്യംചെയ്യും
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രത്യേക അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും.
കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ അവരുടെ നിലപാട് അറിയിക്കുന്നതിനു മുന്‍പ് സുരേന്ദ്രനെ ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം.