സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും അന്വേഷണ ഏജൻസികളുടെ അന്വേഷണത്തെ ഭയപ്പെടുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഏജൻസികളെ സർക്കാർ സ്വതന്ത്ര അന്വേഷണത്തിന് അനുവദിക്കുന്നില്ല. സർക്കാർ സംവിധാനങ്ങളെ ആകെ കള്ളക്കടത്തിനായി ഉപയോഗിച്ചുവെന്നാണ് തെളിയുന്നത്. ആരോപണങ്ങളെക്കുറിച്ച് വിശദീകരിക്കേണ്ട ചുമതല സർക്കാരിനുണ്ട്.
ഏജൻസികളെ സ്വതന്ത്രമായി അന്വേഷിക്കാൻ അനുവദിക്കണം. ഡോളർ കടത്ത് പുതിയ കേസല്ല, സ്വർണക്കടത്ത് കേസിന്റെ തുടർച്ചയാണിത്.
നിയമവിധേയമായാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.സി.ജോർജുമായി ആശയവിനിമയം നടത്തി. എന്നാൽ ഇതുമായി ബന്ധപ്പെട്ട യാതൊരു തീരുമാനവും എടുത്തിട്ടില്ല.
സിപിഎം ഇപ്പോൾ ഭാര്യമാർക്കെല്ലാം സീറ്റ് കൊടുക്കുന്ന ഭാര്യാവിലാസം പാർട്ടിയായി മാറിയെന്നും സുരേന്ദ്രൻ പരിഹസിച്ചു.