കോഴിക്കോട്: സി.കെ. ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടിന്റെ പുതിയ ഫോണ്‍ സംഭാഷണം പുറത്ത്.
ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുൻപ് സുരേന്ദ്രൻ വിളിച്ച ഫോൺ കോളിലെ സംഭാഷണമാണ് പ്രസീത പുറത്തുവിട്ടത്. ബിജെപിയിലെ ഗ്രൂപ്പിസം വ്യക്തമാക്കുന്നതാണ് ഫോൺ സംഭാഷണത്തിലെ സുരേന്ദ്രന്റെ പ്രതികരണം.
പണം റെഡിയാക്കി തന്റെ ബാഗിൽ വച്ചിട്ട് ഇന്നലെ മുതൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ്. ഇക്കാര്യം സി.കെ. ജാനു കൃഷ്ണദാസിനോട് പറയില്ലല്ലോ എന്നുമൊക്കെ സുരേന്ദ്രൻ ശബ്ദരേഖയിൽ പറയുന്നുണ്ട്.
ഫോണ്‍ സംഭാഷണം തന്റെ തന്നെയാണെന്ന് പ്രസീത വ്യക്തമാക്കിയിട്ടുണ്ട്. ജാനുവിന് എൻഡിഎയുടെ ഭാഗമാകാൻ പത്ത് ലക്ഷം രൂപ സുരേന്ദ്രൻ നൽകിയെന്ന വെളിപ്പെടുത്തലുമായി പ്രസീത നേരത്തേ രംഗത്തെത്തിയിരുന്നു.