തൃശൂർ: കൊടകര കുഴൽപ്പണ കേസിലെ പരാതിക്കാരൻ കോഴിക്കോട് സ്വദേശി ധർമരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും പ്രത്യേക അന്വേഷണസംഘം മുൻപാകെ മൊഴി നൽകി.
സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലെബീഷ് എന്നിവരെ തൃശൂർ പോലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തിയത്.
ധർമരാജനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും, തെരഞ്ഞെടുപ്പു പ്രചാരണ സാമഗ്രികളുടെ വിതരണം ധർമരാജനെ ഏല്പിച്ചിരുന്നതിനാൽ അതേക്കുറിച്ച് സംസാരിക്കാനാണ് ഫോണിൽ വിളിച്ചതെന്നുമാണു സുരേന്ദ്രന്റെ സെക്രട്ടറിയുടെ മൊഴി.
സുരേന്ദ്രനും ധർമരാജനെ അറിയാമെന്നാണ് ഇരുവരും പോലീസിനോടു പറഞ്ഞത്. എന്നാൽ തെരഞ്ഞെടുപ്പു സമയത്തു സുരേന്ദ്രനും ധർമരാജനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നോ എന്ന് അറിയില്ലെന്നും ഇവർ പറഞ്ഞു.
രാവിലെ പത്തിനാരംഭിച്ച ചോദ്യം ചെയ്യലും മൊഴി രേഖപ്പെടുത്തലും ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പൂർത്തിയായത്.
കഴിഞ്ഞ ദിവസം കോന്നിയിൽനിന്നും ശേഖരിച്ച വിവരങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്തത്.
തെരഞ്ഞെടുപ്പു സമയത്തെ സുരേന്ദ്രന്റെ യാത്രകളുടെ വിശദാംശങ്ങളും സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിലും ആരെല്ലാമായി കൂടിക്കാഴ്ച നടത്തി തുടങ്ങിയ കാര്യങ്ങളും ഹെലികോപ്റ്റർ യാത്ര സംബന്ധിച്ചുമെല്ലാം ഇവരോടു പ്രത്യേക അന്വേഷണസംഘം ചോദിച്ചിട്ടുണ്ട്.
ഇതിനിടെ, കേസിൽ സിപിഎം പ്രവർത്തകനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സിപിഎം പ്രവർത്തകനായ കൊടുങ്ങല്ലൂർ സ്വദേശി റെജിലിനെയാണ് ചോദ്യം ചെയ്തത്.
കുഴൽപ്പണ കവർച്ചസംഘത്തിലെ മുഖ്യപ്രതി രഞ്ജിത്തിൽനിന്നും മൂന്നര ലക്ഷം രൂപ റെജിൽ വാങ്ങിയിരുന്നു.
ഇതു തന്നോടു രഞ്ജിത് വാങ്ങിയ പണമായിരുന്നുവെന്നും അതു തിരിച്ചു തന്നതാണെന്നും എന്നാൽ ഇതു കള്ളപ്പണമാണെന്ന് അറിയാതെയാണ് താൻ വാങ്ങിയതെന്നുമാണ് റെജിൽ പോലീസിനോടു പറഞ്ഞത്.
കുഴൽപ്പണ കേസിലെ മറ്റു പ്രതികളുമായി ഇയാൾക്കെന്തെങ്കിലും ബന്ധമുണ്ടോ എന്ന അന്വേഷണവും പോലീസ് നടത്തി. ആർഎസ്എസ് പ്രവർത്തകൻ സത്യേഷിന്റെ കൊലക്കേസടക്കമുള്ള കേസുകളിലെ പ്രതിയാണ് റെജിൽ.