കൊച്ചി: സംസ്ഥാനം മതഭീകരവാദത്തിന്റെ കേന്ദ്രമായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്.
എല്‍ഡിഎഫിനും യുഡിഎഫിനും ഈ ശക്തികളോട് സന്ധിചെയ്യുന്ന നിലപാടാണ്. മതഭീകരവാദശക്തികളും വര്‍ഗീയശക്തികളും ഭരണപ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.
കോഴിക്കോടുനിന്നു വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഭീകരവാദത്തിന്റെ തെളിവാണ്.
ആയുധ പരിശീലനം നിര്‍ബാധം നടത്താമെന്ന അവസ്ഥയാണിപ്പോൾ. കേന്ദ്ര ഇന്റലിജന്റ്സ് സംവിധാനം പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാനത്തെ പോലീസ് മുഖവിലയ്ക്കെടുക്കുന്നില്ല.
മുസ്ലിം തീവ്രവാദ സംഘടനകള്‍ എന്ത് ചെയ്താലും അതിന് മൗനാനുവാദമാണ് രണ്ട് മുന്നണികള്‍ക്കും.
കേരളത്തില്‍ വിദ്വേഷപ്രസംഗം നടത്തുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ല. താലിബാന്റെ മനസാണ് പല മതസംഘടനകള്‍ക്കും.
സമസ്ത നേതാവ് ഒരു പെണ്‍കുട്ടിയെ വേദിയില്‍നിന്ന് ഇറക്കിവിട്ടതിനെ എംഎസ്എഫ് പിന്തുണയ്ക്കുമ്പോള്‍ ഇടത് യുവജന സംഘടനകള്‍ക്ക് മൗനമാണ്.
അതേസമയം പാലാ ബിഷപിനെതിരെയും, പി.സി. ജോര്‍ജിനെതിരെയും കേസെടുത്ത സംഭവങ്ങൾ സംസ്ഥാനത്ത് നിലനില്ക്കുന്നു.
ഈ ഇരട്ട നീതി ബിജെപി തൃക്കാക്കരയില്‍ തുറന്നുകാട്ടും. സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി.തോമസ് അരനാഴികനേരം പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് വീരവാദം മുഴക്കിയ കെ. സുധാകരനും വി.ഡി. സതീശനുമാണ് സത്യത്തില്‍ രാജിവയ്ണ്ടത്. ഇരുവര്‍ക്കും പാര്‍ട്ടിയില്‍ സ്വാധീനമില്ലെന്ന് തെളിഞ്ഞു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സിപിഎമ്മും തമ്മില്‍ അന്തര്‍ധാര സജീവമാണ്. ഇതിനെതിരെ ശബ്ദിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയില്ല.
എ.കെ. ആന്റണിക്ക് കെ.വി. തോമസ് സിപിഎം വേദിയില്‍ പോയതിനോട് യോജിപ്പാണ്. കെ.വി. തോമസ് സിപിഎമ്മില്‍ പോയാല്‍ ഒന്നും സഭവിക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു.