കോഴഞ്ചേരി: ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.
കോയിപ്രം പുല്ലാട് കുറവന്‍കുഴി വേങ്ങനില്‍ക്കുന്നകാലായില്‍ സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്ര(25)ന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പേക്കാവുങ്കല്‍ വിഷ്ണു(29)വാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്.
ഇയാള്‍ക്കെതിരേ സ്ത്രീധനപീഡനക്കുറ്റം ചുമത്തി. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ഭര്‍തൃഗൃഹമായ പേക്കാവുങ്കല്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സൂര്യയെ കാണപ്പെട്ടത്.
കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എസ്ഐ അനൂപിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു.
കഴിഞ്ഞ മേയ് എട്ടിനായിരുന്നു ഇവരുടെ വിവാഹം. സംഭവസ്ഥലത്ത് പോലീസ് ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്ധരുടെ സംഘവും മറ്റുമെത്തി പരിശോധന നടത്തുകയുണ്ടായി.
പിറ്റേന്ന്, തിരുവല്ല തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ് ഇന്‍ക്വസ്റ്റ് നടത്തുകയും കോട്ടയം മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുകയുമുണ്ടായി.
സംഭവദിവസം, ജില്ലാ ആശുപത്രിയില്ചികിത്സയിലായ വിഷ്ണു ഇന്നലെ രാവിലെ ആശുപത്രി വിട്ടതിനെത്തുടര്‍ന്ന്, പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷം സ്ത്രീധനപീഡനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വിവാഹസമയം സൂര്യയുടെ വീട്ടുകാര്‍ കൊടുത്ത നാലു പവന് സ്വര്‍ണം ഇയാള്‍ പണയം വച്ചത്, തിരിച്ചെടുത്തു കൊടുക്കാന്‍ സൂര്യ ആവശ്യപ്പെട്ടപ്പോള്‍ മര്‍ദിച്ചതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.
ഇക്കാര്യം വീണ്ടും ഉന്നയിച്ച സൂര്യയ്ക്ക് ക്രൂരമര്‍ദനം ഏറ്റതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.