കൊച്ചി: ബിജെപിയുടെ കോർ കമ്മിറ്റിയിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ്, ഫണ്ട് വിവാദം തുടങ്ങിയ വിഷയങ്ങളിലാണ് വിമർശനം ഉയർന്നത്.
സ്ഥാനാർഥി നിർണയത്തിൽ കൂട്ടായ ചർച്ചകൾ നടന്നില്ല. ഒരു വിഭാഗം നേതാക്കളെ മാറ്റിനിർത്തിയെന്നും കൃഷ്ണദാസ് പക്ഷം കുറ്റപ്പെടുത്തി.
കേന്ദ്രമന്ത്രിയും അധ്യക്ഷനും സംഘടനാ സെക്രട്ടറിയും ചേർന്നാണ് തീരുമാനങ്ങളെടുത്തത്. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കേണ്ടായിരുന്നു എന്നും കോർ കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
കൊടകര കള്ളപ്പണ വിവാദം അടക്കമുള്ള വിഷയങ്ങൾ പാര്‍ട്ടിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തത് സംസ്ഥാന അധ്യക്ഷന്റെയും മറ്റും നേതൃത്വത്തിലാണ്. അതിനാൽ പാളിച്ചകൾ വന്നാൽ ഉത്തരവാദിത്വം നേതൃത്വത്തിനാണ്.
തെരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തിൽ പല മണ്ഡലങ്ങളിലും പരാതികളുണ്ടെന്നും കൃഷ്ണദാസ് പക്ഷം പറഞ്ഞു.