
ജോണ്സണ് വേങ്ങത്തടം
കൊച്ചി: ബിജെപി കേരള ഘടകത്തില്‍ ഉരുണ്ടുകൂടിയിരിക്കുന്ന പ്രശ്നങ്ങളില്‍ തല്ക്കാലം അഖിലേന്ത്യാ നേതൃത്വം ഇടപെടില്ല. കേരളത്തിലെ സംസ്ഥാന നേതാക്കള്‍ തന്നെ പ്രശ്നം പരിഹരിക്കട്ടെ എന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.
സംസ്ഥാന നേതൃത്വത്തിനെതിരേ നീക്കം നടത്തുന്ന ശോഭാ സുരേന്ദ്രന്, പി.എം. വേലായുധന് എന്നീ നേതാക്കളുടെ പരാതികളൊന്നും തല്ക്കാലം കേന്ദ്രനേതൃത്വത്തിനു താല്പര്യമില്ല.
കേരളത്തിലെ കേന്ദ്രസംസ്ഥാന നേതാക്കള്‍ പ്രശ്നപരിഹാരത്തിനു ശ്രമിക്കുക എന്ന നിലപാടാണ് കേന്ദ്രനേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ഏതാനും നേതാക്കള്‍ പരാതിയായി കേന്ദ്രനേതൃത്വത്തിനു കത്തു നല്‍കിയെങ്കിലും സുരേന്ദ്രന്റെ വിശദീകരണക്കത്തും കേന്ദ്രത്തിനു ലഭിച്ചിട്ടുണ്ട്.
എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകാന്‍ സാധിക്കുമെന്ന വിശ്വാസമാണ് സുരേന്ദ്രന് പ്രകടിപ്പിച്ചിരിക്കുന്നത്.
ആര്‍എസ്എസിനു പൂര്‍ണ വിശ്വാസം
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനില്‍ പൂര്‍ണവിശ്വാസമാണ് അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
ആര്‍എസ്എസിനെ ചേര്‍ത്തുനിര്‍ത്തി പ്രശ്നപരിഹാരത്തിനു ഒരു വിഭാഗം ശ്രമിച്ചെങ്കിലും പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കാനാണ് ആര്‍എസ്എസിനും താല്പര്യം.
കൂടാതെ പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രശ്നം ഉടലെടുക്കരുതെന്ന നിലപാടും ആര്‍എസ്എസ് സ്വീകരിക്കും. അതിനു സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തും.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനില്‍ ആര്‍എസ്എസിനു പൂര്‍ണ വിശ്വാസമാണ്. ഇതാണ് പാര്‍ട്ടിക്കുള്ളിലെ അസ്വസ്ഥരെ വലയ്ക്കുന്നത്.
എല്ലാം വെറും പടലപ്പിണക്കം
ബിഹാര്‍ പോലെയുള്ള സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളില്‍ മുഴുകിയിരിക്കുന്ന കേന്ദ്ര നേതൃത്വത്തിനു കേരളമൊരു പ്രശ്നമല്ല.
ഉടന്‍ അധികാരം ലഭിക്കാനുള്ള സാധ്യതയും കേന്ദ്രനേതൃത്വവും കാണുന്നില്ല. ഭരണമില്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങളിലെ പടലപ്പിണക്കം അവര്‍ അത്ര ഗൗരവത്തോടെ കാണുന്നില്ലെന്നതാണ് കാര്യമെന്നും ഒരു വിഭാഗം നേതാക്കള്‍ വിശദീകരിക്കുന്നു.
അസംതൃപ്തരുടെ നീക്കം
വി. മുരളീധരനെ പോലെയുള്ളവർ നേതാക്കളുമായി ആശയവിനിമയം നടത്തി വരികയാണ്. എന്നാല്‍ ഇവരും ഭിന്നസ്വരം ഉയര്‍ത്തുന്ന നേതാക്കളുടെ ആവശ്യങ്ങളോടു പൂര്‍ണമായും സഹകരിക്കുന്നില്ല.
സുരേന്ദ്രന്റെ ഏകാധിപത്യ നടപടികള്‍ക്കെതിരായാണ് ഒരു കൂട്ടം നേതാക്കളുടെ പരാതി. ഇവര്‍ ശോഭാ സുരേന്ദ്രനും, ദേശീയ കൗണ്‍സില്‍ അംഗം പി.എം വേലായുധനും പിന്തുണ നല്‍കുന്നവരാണ്.
കെ.സുരേന്ദ്രന് അധ്യക്ഷനായ ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിക്കുകയാണെന്നും ഒരു വിഭാഗം നേതാക്കളെ മാത്രം മുന്‍നിര്‍ത്തി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്നും കാണിച്ചാണ് നേതാക്കള്‍ കേന്ദ്രനേതൃത്വത്തിനു കത്തയച്ചിരിക്കുന്നത്
. പ്രാദേശിക തലത്തിലും ഇത്തരത്തില്‍ അസംതൃപ്തരുണ്ടെന്നും അവരെ കൂടി സംഘടിപ്പിച്ച് പരാതി ഉന്നയിക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കം.
തെരഞ്ഞെടുപ്പു കഴിയട്ടെ
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുംവരെ നിശബ്ദത പാലിക്കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ശോഭാ സുരേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഘടനയിലെ പ്രശ്നം സംഘടനയ്ക്കുള്ളില്‍ പറഞ്ഞാല്‍ മതിയെന്ന നിലപാടാണ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാട്.
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരേ മുതിര്‍ന്ന നേതാവ് പി.എം. വേലായുധനും ശോഭ സുരേന്ദ്രനുമടക്കമുള്ളവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസും പറഞ്ഞു.