സ്വന്തം ലേഖകന്‍
കോഴിക്കോട് : സമൂഹമാധ്യമത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെയും മകളുടെയും ചിത്രത്തിന് താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്ന് വിവരങ്ങള്‍ തേടി പോലീസ്.
കോഴിക്കോട് സൈബര്‍ സെല്‍ വഴിയാണ് അമേരിക്കയിലെ ഫേസ്ബുക്ക് ആസ്ഥാനത്തേക്ക് വിവരങ്ങള്‍ ആവശ്യപ്പെട്ട് മെയില്‍ അയച്ചത്.
ഫേസ്ബുക്കില്‍ അശ്ലീല കമന്റ് ഇട്ട ഐഡി ആരുടേതാണെന്നും ഏത് സര്‍വറില്‍ നിന്നാണ് കമന്റ് പോസ്റ്റ് ചെയ്തതെന്നും ഫേസ്ബുക്ക് ഐഡിയുള്ള മൊബൈല്‍ ഫോണ്‍ നമ്പര്‍ ഏതാണെന്നുമുള്ള വിശദമായ വിവരങ്ങളാണ് പോലീസ് ആവശ്യപ്പെട്ടത്.
അക്കൗണ്ട് ഹാക്ക് ചെയ്തതിന് ശേഷമാണോ കമന്റ് പോസ്റ്റ് ചെയ്തതെന്നും പോലീസിന് സ്ഥിരീകരിക്കേണ്ടതായുണ്ട്. ഈ സാഹചര്യത്തിലാണ് സൈബര്‍ സെല്‍ വിശദവിവരങ്ങള്‍ തേടിയത്. ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്നുള്ള മുറപടി ലഭിച്ചാല്‍ മാത്രമേ പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാവൂ.
ബാലികാദിനത്തില്‍ സുരേന്ദ്രന് മകള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയാണ് അജ്നാസ് അജ്നാസ് എന്നഅക്കൗണ്ടില്നിന്ന് അശ്ലീല പരാമര്‍ശമുണ്ടായത്.
സംഭവം വിവാദമായതോടെ ബിജെപി പ്രവര്‍ത്തകര്‍ പേരാമ്പ്ര സ്വദേശിയായ അജ്നാസിനെതിരെ മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്കി. കേസ് രജിസ്റ്റര്‍ ചെയ്ത മേപ്പയൂര്‍ പോലീസ് അക്കൗണ്ട് വിവരങ്ങള്‍ സൈബര്‍ സെല്ലിനു കൈമാറി.
അതേസമയം സംഭവത്തില്‍ ബന്ധമില്ലെന്നാണ് അജ്നാസിന്റെ പ്രതികരണം. അജ്നാസ് ആഷാസ് അജ്നാസ് എന്നതാണ് യഥാര്‍ഥ അക്കൗണ്ട്.
എന്നാല്‍ അശ്ലീല കമന്റ് വന്നത് അജ്നാസ് അജ്നാസ് എന്ന അക്കൗണ്ടില്‍നിന്നാണ്. ഈ അക്കൗണ്ടില്‍ ഉപയോഗിച്ച പടം തന്റെത് തന്നെയാണെന്നും അജ്നാസ് വെളിപ്പെടുത്തി.
തന്റെ ചിത്രങ്ങളും പേരും ഉപയോഗിച്ച് വ്യാജ ഐഡിയുണ്ടാക്കിയാണ് കമന്റ് രേഖപ്പെടുത്തിയതെന്നും അക്കൗണ്ടിന്റെ പ്രൊഫൈല്‍ ലിങ്ക് കിരണ്‍ദാസ് എന്നയാളുടേതാണെന്നും അജ്നാസ് പറയുന്നുണ്ട്.
അതേസമയം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വ്യക്തമാക്കി ഈ മാസം അഞ്ചിന് ഫറോക്ക് സ്വദേശിയായ കിരണ്‍ദാസ് പോലീസിന് ഇമെയില്‍ മുഖേനെ പരാതി നല്‍കിയിരുന്നു.
സുരേന്ദ്രന്റെ മകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം ഉണ്ടാകുന്നതിനു മുന്‍പാണ് കിരണ്‍ദാസ് ഫറോക്ക് പോലീസില്‍ പരാതി നല്‍കിയത്. പ്രൊഫൈലിന്റെ പേര് അജ്നാസ് അജ്നാസ് എന്നാക്കി മാറ്റിയെന്നായിരുന്നു പരാതി.
അതേസമയം ചില ദുരൂഹതകള്‍ ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് ഫറോക്ക് പോലീസ് പറയുന്നത്. മൂന്നു കിലോമീറ്റര്‍ മാത്രം അകലെയുള്ള യുവാവ് മെയില്‍വഴി പരാതി നല്‍കിയതാണ് സംശയമുയര്ത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി.
നേരിട്ട് സ്റ്റേഷനില്‍ എത്തിയാണ് പലരും ഇത്തരം പരാതികള്‍ നല്‍കാറുള്ളത്. എന്നാല്‍ രണ്ടു തവണയും സ്റ്റേഷനില്‍ എത്താന്‍ യുവാവ് തയാറായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ഫേസ്ബുക്കില്‍ നിന്നുള്ള വിശദമായ വിവരത്തിനായി പോലീസ് കാത്തിരിക്കുന്നത്. കമന്റിട്ടതിന് പിന്നില്‍ രണ്ടു പേരില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും മൂന്നാമതൊരാള്‍ ഇതിന് പിന്നിലുണ്ടോയെന്നും കണ്ടെത്തുന്നതിനുള്ള തെളിവുകള്‍ക്കായി കാത്തിരിക്കുകയാണ് പോലീസ് .