സ്വന്തം ലേഖകന്‍
കോഴിക്കോട് : സമൂഹമാധ്യമത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെയും മകളുടെയും ചിത്രത്തിന് താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ പെണ്‍കുട്ടികളില്‍നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തും.
ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന ഫറോക്ക് സ്വദേശിയായ കിരണ്‍ദാസിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അശ്ലീല സന്ദേശം ലഭിച്ച പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്താന്‍ ഫറോക്ക് പോലീസ് തീരുമാനിച്ചത്. പരാതി വസ്തുനിഷ്ടമാണോയെന്ന് ഇതുവഴി തിരിച്ചറിയാം.
ബാലികാദിനത്തിലാണ് സുരേന്ദ്രന് മകള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനു താഴെയാണ് അജ്നാസ് അജ്നാസ് എന്നഅക്കൗണ്ടില്നിന്ന് അശ്ലീല പരാമര്‍ശമുണ്ടായത്. സംഭവം വിവാദമായതോടെ ബിജെപി പ്രവര്‍ത്തകര്‍ പേരാമ്പ്ര സ്വദേശിയായ അജ്നാസിനെതിരെ മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്കി. കേസ് രജിസ്റ്റര്‍ ചെയ്ത മേപ്പയൂര്‍ പോലീസ് അക്കൗണ്ട് വിവരങ്ങള്‍ സൈബര്‍ സെല്ലിനു കൈമാറി.
വ്യാജ ഐഡി
തന്റെ ചിത്രങ്ങളും പേരും ഉപയോഗിച്ചു വ്യാജ ഐഡിയുണ്ടാക്കിയാണ് കമന്റ് രേഖപ്പെടുത്തിയതെന്നും അക്കൗണ്ടിന്റെ പ്രൊഫൈല്‍ ലിങ്ക് കിരണ്‍ദാസ് എന്നയാളുടേതാണെന്നും അജ്നാസ് പറയുന്നു. അതേസമയം, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വ്യക്തമാക്കി ഈ മാസം അഞ്ചിന് ഫറോക്ക് സ്വദേശിയായ കിരണ്‍ദാസ് പോലീസിന് ഇമെയില്‍ മുഖേന പരാതി നല്‍കിയിരുന്നു.
സുരേന്ദ്രന്റെ മകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം ഉണ്ടാകുന്നതിനു മുന്‍പാണ് കിരണ്‍ദാസ് ഫറോക്ക് പോലീസില്‍ പരാതി നല്‍കിയത്. പ്രൊഫൈലിന്റെ പേര് അജ്നാസ് അജ്നാസ് എന്നാക്കി മാറ്റിയെന്നായിരുന്നു പരാതി. പെണ്‍കുട്ടികളുള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് ഹാക്ക് ചെയ്ത ശേഷം സന്ദേശം അയച്ചതായി കിരണ്‍ ദാസ് പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. ഈ പെണ്കുട്ടികളില്നിന്നാണ് പോലീസ് ഇന്നു മൊഴിയെടുക്കുന്നത്.
ദുരൂഹത മാറാതെ
അതേസമയം ചില ദുരൂഹതകള്‍ ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് ഫറോക്ക് പോലീസ് പറയുന്നത്. മൂന്നു കിലോമീറ്റര്‍ മാത്രം അകലെയുള്ള യുവാവ് മെയില്‍വഴി പരാതി നല്‍കിയതാണ് സംശയമുയര്ത്തുന്നതെന്നു പോലീസ് പറയുന്നു. നേരിട്ടു സ്റ്റേഷനില്‍ എത്തിയാണ് പലരും ഇത്തരം പരാതികള്‍ നല്‍കാറുള്ളത്.
എന്നാല്‍, രണ്ടു തവണയും സ്റ്റേഷനില്‍ എത്താന്‍ യുവാവ് തയാറായിരുന്നില്ല. യുവാവിന്റെ രാഷ്ട്രീയ പശ്ചാത്തലത്തക്കുറിച്ചും ചില ദുരൂഹതകള്‍ നാട്ടിലുയര്ന്നിട്ടുണ്ട്. എന്നാല്‍, രാഷ്ട്രീയ വിഷയമായി ഇതിനെ കാണുന്നില്ലെന്നും സൈബര്‍ കുറ്റകൃത്യമെന്ന നിലയിലാണ് കേസ് അന്വേഷിക്കുന്നതെന്നും പോലീസ് അറിയിച്ചു.
ഫേസ്ബുക്ക് ആസ്ഥാനത്തേക്ക്
കേസുമായി ബന്ധപ്പെട്ടു ഫേസ്ബുക്ക് ആസ്ഥാനത്തുനിന്നു പോലീസ് വിവരങ്ങള്‍ തേടി. കോഴിക്കോട് സൈബര്‍ സെല്‍ വഴിയാണ് അമേരിക്കയിലെ ഫേസ്ബുക്ക് ആസ്ഥാനത്തേക്കു വിവരങ്ങള്‍ ആവശ്യപ്പെട്ടു മെയില്‍ അയച്ചത്.
ഫേസ്ബുക്കില്‍ അശ്ലീല കമന്റ് ഇട്ട ഐഡി ആരുടേതാണെന്നും ഏത് സര്വറില്നിന്നാണ് കമന്റ് പോസ്റ്റ് ചെയ്തതെന്നും ഫേസ്ബുക്ക് ഐഡിയുള്ള മൊബൈല്‍ ഫോണ്‍ നമ്പര്‍ ഏതാണെന്നുമുള്ള വിശദമായ വിവരങ്ങളാണ് പോലീസ് ആവശ്യപ്പെട്ടത്.
അക്കൗണ്ട് ഹാക്ക് ചെയ്തതിനു ശേഷമാണോ കമന്റ് പോസ്റ്റ് ചെയ്തതെന്നും പോലീസിനു സ്ഥിരീകരിക്കേണ്ടതായുണ്ട്. ഈ സാഹചര്യത്തിലാണ് സൈബര്‍ സെല്‍ വിശദ വിവരങ്ങള്‍ തേടിയത്. ഫേസ്ബുക്ക് ആസ്ഥാനത്തുനിന്നുള്ള മുറപടി ലഭിച്ചാല്‍ മാത്രമേ പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാനാകൂ.