കണ്ണൂർ: കണ്ണൂരിലെ സംഘപരിവാർ പ്രവർത്തകർക്കുനേരേയുള്ള അക്രമങ്ങൾക്കു പിന്നിൽ സിപിഎം ജില്ലാസെക്രട്ടറി പി. ജയരാജൻ തീറ്റിപ്പോറ്റുന്ന രാഷ്ട്രീയഗുണ്ടകളാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. തളാപ്പ് ഭജനമുക്കിൽ ബിജെപി നേതാവ് സുശീൽ കുമാറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ സംരക്ഷിക്കുന്ന കണ്ണൂർ ഡിവൈഎസ്പിയെ മാറ്റുക, സുശീൽ വധശ്രമക്കേസിൽ പി. ജയരാജൻധീരജ് ബന്ധം അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മാർക്സിസ്റ്റ് അക്രമവിരുദ്ധ സമിതി കണ്ണൂർ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിലെ സിപിഎം ക്രിമിനലുകളെ കുറിച്ച് പോലീസിന് വ്യക്തമായി അറിയാം. എന്നാൽ നടപടിയെടുക്കാൻ ഭയക്കുകയാണ്. കണ്ണൂരിലെ പോലീസ് സേനയിൽ സിപിഎം ആജ്ഞാനുവർത്തികളെ കുത്തിനിറച്ചിരിക്കുകയാണ്. ഡിവൈഎസ്പി പി.പി. സദാനന്ദന് ഇപ്പോൾ പി. ജയരാജന്റെ അടുക്കളക്കാരന്റെ ജോലിയാണ്. ’എന്തിനാണ് സദാനന്ദാ കാക്കിയുടത്ത് പി. ജയരാജന്റെ അടുക്കള പാത്രം കഴുകുന്നതെന്നും’ സുരേന്ദ്രൻ ചോദിച്ചു.
ജില്ലയിലെ മൂന്നു ഡിവൈഎസ്പിമാരിൽ രണ്ടുപേർ പക്കാ സിപിഎമ്മുകാരും ഒരാൾ പകൽ സിപിഎമ്മും രാത്രി കോൺഗ്രസുമാണെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. മാർച്ച് അക്രമാസക്തമാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് കനത്ത സുരക്ഷാക്രമീകരണമാണ് നഗരത്തിൽ ഒരുക്കിയിരുന്നത്. വരുൺ ജലപീരങ്കിയും ഫയർഫോഴ്സിനെയും വിന്യസിച്ചിരുന്നു. ഡിവൈഎസ്പിമാരായ പി.പി. സദാനന്ദൻ, പ്രജീഷ് തോട്ടത്തിൽ, കെ.വി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ ഒരുക്കിയത്. കൂത്തുപറന്പ്, പേരാവൂർ, ആലക്കോട്, വളപട്ടണം, ശ്രീകണ്ഠപുരം, സിറ്റി സിഐമാരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തെയും വിന്യസിച്ചിരുന്നു. മാർച്ച് ടൗൺ പോലീസ് സ്റ്റേഷനുമുന്നിൽ റോഡിൽ ബാരിക്കേഡ് നിരത്തി പോലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറികടക്കാൻ ചിലർ ശ്രമിച്ചെങ്കിലും പ്രവർത്തകരെ നേതാക്കൾ ശാന്തരാക്കി. ആർഎസ്എസ് നേതാക്കളായ കെ.വി. ജയരാജൻ, സജീവൻ ആറളം, ഭാഗ്യശീലൻ ചാലാട്, ബിജെപി ജില്ലാ ജനറൽസെക്രട്ടറി കെ.കെ. വിനോദ്, സംസ്ഥാന കോഓർഡിനേറ്റർ കെ. രഞ്ജിത്ത്, കെ. സജീവൻ, കെ. പ്രജിൽ, ലസിത പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.