തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി രംഗത്ത്. ലൈഫ് മിഷൻ പദ്ധതിയുടെ ഒരു പങ്ക് പോയിരിക്കുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കാണ്. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താൽ ഇക്കാര്യം പുറത്തുവരുമെന്നും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾക്കും മകനും ഈ അഴിമതിയിൽ പങ്കുണ്ട്. ലൈഫ് മിഷനിൽ കുടുംബത്തിന് ബന്ധമുണ്ടെന്ന് ആരോപണങ്ങൾ വരുന്ന സാഹചര്യത്തിൽ പിണറായി വിജയൻ രാജിവച്ച് അന്വേഷണം നേരിടാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലൈഫ് പദ്ധതിയുടെ തൊണ്ടിമുതൽ ഒളിപ്പിക്കാനാണ് മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ ബാങ്കിന്റെ ലോക്കർ തുറന്ന് സാധനങ്ങൾ എടുത്തുകൊണ്ടുപോയത്. ഇത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം.
ജയരാജന്റെ മകൻ കൈക്കൂലി വാങ്ങിയെന്ന് ആരോപണം നിലനിൽക്കെയാണ് ഭാര്യ ബാങ്കിൽ പോയത്. ക്വാറന്റൈൻ ലംഘിച്ച് ബാങ്കിൽ പോയി സാധനങ്ങൾ എടുത്തുമാറ്റി. ഇക്കാര്യങ്ങൾ വ്യക്തമാകാൻ ജയരാജൻ തയാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി എല്ലാ അന്വേഷണങ്ങളെയും തടസപ്പെടുത്തുകയാണ്. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്ര എജൻസികൾ ആവശ്യപ്പെട്ടിട്ട് ഇതുവരെ നൽകിയില്ല. സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണവും വഴിമുട്ടിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.