പത്തനംതിട്ട: ശബരിമലയിൽ ചിത്തിര ആട്ടവിശേഷദിവസം അന്പത്തിരണ്ടുകാരിയായ തീർഥാടകയെ ആക്രമിച്ച കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. ഗൂഢാലോചനയായതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
റാന്നി ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ പരിഗണിച്ചത്. സുരേന്ദ്രനെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന പ്രൊസിക്യൂഷന്റെ ആവശ്യവും കോടതി അംഗീകരിച്ചു. ഒരു മണിക്കൂർ പോലീസിന് ചോദ്യം ചെയ്യാനും കോടതി അനുവദിച്ചു. ഇതിനുശേഷം സുരേന്ദ്രന് ബന്ധുകളോട് സംസാരിക്കാമെന്നും കോടതി ഉത്തരവിട്ടു.
ജയിൽ മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യം ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിനുശേഷം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റണമെന്നതായിരുന്നു സുരേന്ദ്രന്റെ ആവശ്യം.
സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി പ്രൊസിക്യൂഷൻ എതിർത്തിരുന്നു. സുരേന്ദ്രൻ നിരവധി കേസുകളിൽ പ്രതിയാണ്. സുപ്രീംകോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചു. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്നും പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം പോലീസ് എടുത്തിരിക്കുന്നത് കള്ളക്കേസുകളാണെന്ന് സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. നവംബർ 17നു ശബരിമല സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെ സുരേന്ദ്രനെ നിലയ്ക്കലിൽ നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്.
പോലീസിന്റെ കൃത്യനിർവഹണത്തിനു തടസംനിന്നുവെന്ന പേരിൽ റിമാൻഡിലായ സുരേന്ദ്രനു കഴിഞ്ഞ ദിവസം പത്തനംതിട്ട മുൻസിഫ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചെങ്കിലും കണ്ണൂരിലെ ഒരു കേസിന്റെ പേരിൽ പുറത്തു പോകാനായില്ല. തുടർന്നാണ് തീർഥാടകയെ ആക്രമിച്ച കേസിൽ പ്രതിയാക്കിയത്. വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.