കണ്ണൂർ: എത്ര പണം ചോദിച്ചാലും തരാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തയാറായിരുന്നുവെന്നും സി.കെ.ജാനുവിനു പത്തു ലക്ഷത്തിനു പുറമെ 25 ലക്ഷം കൂടി നൽകിയെന്നും ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്.
ഇതുസംബന്ധിച്ച തെളിവുകൾ ക്രൈംബ്രാഞ്ചിനു കൈമാറിയതായും അവർ മാധ്യമപ്രവർത്തകരെ അറിയിച്ചു.
ജാനുവിന് 25 ലക്ഷം കൊടുക്കാൻ ബിജെപിയുടെ സംഘടനാ സെക്രട്ടറി എം. ഗണേഷിനോടു പറഞ്ഞ് ഏർപ്പാട് ചെയ്തിട്ടുണ്ടെന്നു കെ. സുരേന്ദ്രൻ ഫോണിൽ സംസാരിക്കുന്നതായി പറയപ്പെടുന്ന ശബ്ദരേഖയും പ്രസീത പുറത്തുവിട്ടു.
എൻഡിഎ സ്ഥാനാർഥിയാകാൻ ജാനുവിന് കെ. സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ കഴിഞ്ഞതിങ്കളാഴ്ചയാണ് ക്രൈംബ്രാഞ്ച് സംഘം അഴീക്കോട്ടെ വീട്ടിലെത്തി പ്രസീതയുടെ മൊഴിയെടുത്തത്.
ബത്തേരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയശേഷം ജാനുവിനു ബിജെപി നേതാക്കൾ 25 ലക്ഷം കൈമാറിയെന്നും പ്രസീത അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു.
“”ഗണേഷ് വിളിച്ചിട്ട് സി.കെ. ജാനു തിരിച്ചുവിളിച്ചില്ല” എന്നു ചോദിച്ച് തുടങ്ങുന്ന ശബ്ദരേഖയാണു സുരേന്ദ്രന്റേതാണെന്നു പറഞ്ഞ് പ്രസീത നൽകിയിട്ടുള്ളത്.
ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ പണം കൊണ്ടുവന്നത് തുണിസഞ്ചിയിലാണ്. അതിനു മുകളിൽ ചെറുപഴവും മറ്റുമൊക്കെയായിരുന്നു.
സ്ഥാനാർഥിക്കു നൽകാനായി പൂജ കഴിച്ച സാധനങ്ങളാണിതെന്നാണു പറഞ്ഞത്. അതിൽനിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോൾ സ്ഥാനാർഥിക്കുവേണ്ടി കഴിപ്പിച്ച പൂജയാണെന്നാണു പറഞ്ഞത്.
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ സി.കെ. ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത പറഞ്ഞു.
എന്റെ വെളിപ്പെടുത്തലിനുപിന്നിൽ മറ്റൊരു കക്ഷികൾക്കും പങ്കില്ല. എൻഡിഎയുമായി പാർട്ടിക്ക് ഇനി ബന്ധമുണ്ടാകില്ല. അടുത്ത ദിവസംതന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
സി.കെ.ജാനുവിനെ സംബന്ധിച്ച് ഞങ്ങൾക്ക് ഒരു പുകഞ്ഞ കൊള്ളിയാണ്. അത് പുറത്തുതന്നെയാണ്. ഒറ്റയ്ക്കാണ് എന്റെ പോരാട്ടം. ഇതിന്റെ പേരിൽ താമസിക്കുന്ന വാടകവീട് വരെ ഒഴിഞ്ഞുകൊടുക്കേണ്ട സ്ഥിതിയുണ്ട്.” നിലപാട് മാറ്റില്ല -പ്രസീത പറഞ്ഞു.
മാർച്ച് 25നാണ് സുരേന്ദ്രന്റെ ഫോൺ വന്നതെന്നും തൊട്ടടുത്ത ദിവസം രാവിലെ ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ തങ്ങൾ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോർട്ടിലെത്തി ജാനുവിന് പണം കൈമാറിയെന്നും പ്രസീത മൊഴിനൽകിയിട്ടുണ്ട്.