തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ശരിയായ ദിശയിലല്ലെന്നും അന്വേഷണത്തെക്കുറിച്ച് പോലീസിനു വ്യക്തതയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ചോദ്യം ചെയ്യലിനുശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് എന്തൊക്കെയോ ചോദിച്ചുവെന്നും കോൾ ലിസ്റ്റിലുള്ളവരെക്കുറിച്ച് ചോദിച്ചപ്പോൾ അറിയാവുന്നതൊക്കെ പറഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.
പരാതിക്കാരന്റെ കോൾ ലിസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ ചോദ്യങ്ങൾ. ആരൊക്കെ വിളിച്ചിരുന്നു എന്നതു സംബന്ധിച്ചാണ് ചോദ്യങ്ങളുണ്ടായിരുന്നത്. അവരെയൊക്കെ അറിയാമോ എന്നു ചോദിച്ചു. അറിയാവുന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
പ്രതികൾ ആരെയൊക്കെ ഫോണിൽ ബന്ധപ്പെട്ടെന്നു പോലീസ് അന്വേഷിക്കുന്നില്ല. വിചിത്രമായ അന്വേഷണമാണ് നടക്കുന്നത്.
ഉത്തരവാദിത്വപ്പെട്ട പൊതുപ്രവർത്തകനെന്ന നിലയ്ക്കാണ് താൻ ചോദ്യം ചെയ്യലിനു ഹാജരായത്. രാഷ്ട്രീയ പകപോക്കലാണ് ഇതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഹാജരായതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
എന്നാൽ, ബിജെപിക്കു പണം കടത്തലുമായി യാതൊരു ബന്ധവുമില്ലെന്ന് ചോദ്യം ചെയ്യലിനു മുൻപും ശേഷവും സുരേന്ദ്രൻ ആവർത്തിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കൊണ്ടുവന്ന പണമാണെങ്കിൽ അന്വേഷണസംഘം അതു കണ്ടുപിടിക്കട്ടെ.
ഈ കേസിൽ ഒരുതരത്തിലും പാർട്ടിയെ ബന്ധിപ്പിക്കാനാവില്ലെന്ന് ഉറപ്പാണ്. പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് രാഷ്ട്രീയ യജമാനന്മാർ ചെയ്യിക്കുന്ന രാഷ്ട്രീയ നാടകമാണിതെല്ലാം.
സ്വർണക്കടത്തു കേസിലും ഡോളർകടത്തിലും സ്ത്രീപീഡനത്തിലുമടക്കം പലതരത്തിൽ പ്രതിക്കൂട്ടിലായ സർക്കാർ ബിജെപിയെ അപമാനിക്കാനായി ചോദ്യംചെയ്യൽ നാടകം നടത്തിക്കൊണ്ടിരിക്കുകയാണ്.
കേസുമായി ബന്ധമില്ലാത്തവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതും മൊഴിയെടുക്കുന്നതും വിചിത്രമായ അന്വേഷണമാണ്.
അതേസമയം പ്രതികളുമായി ബന്ധമുള്ളവരെ അന്വേഷണസംഘം വെറുതെവിടുകയാണ്. പ്രതികളുടെ ഫോണ്രേഖകൾ പരിശോധിച്ചാൽ ഉന്നത സിപിഎം നേതാക്കളുടെ ബന്ധം പുറത്തുവരുമെന്നും സുരേന്ദ്രൻ ആരോപിച്ചു.