കോഴിക്കോട്: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ വടക്കുനോക്കി മുഖ്യമന്ത്രിയായി മാറിയെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. വടക്ക് എന്താണ് നടക്കുന്നതെന്നാണു മുഖ്യമന്ത്രി ശ്രദ്ധിക്കുന്നതെന്നും കട്ടിപ്പാറയിൽ ഉരുൾപൊട്ടലുണ്ടായിട്ട് മുഖ്യമന്ത്രി അവിടേക്കു തിരിഞ്ഞുനോക്കാത്തത് ഇതിന് ഉദാഹരണമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ നിരവധി പ്രശ്നങ്ങളുണ്ടായിരിക്കെ മുഖ്യമന്ത്രിക്കു രാഷ്ട്രീയം കളിക്കുന്നതിലാണു താത്പര്യം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കുക വഴി അത് മുഖ്യമന്ത്രി തെളിയിച്ചു. വടക്ക് എന്താണ് നടക്കുന്നതെന്നാണു മുഖ്യമന്ത്രി ശ്രദ്ധിക്കുന്നത്. പിണറായി വിജയൻ വടക്കുനോക്കി മുഖ്യമന്ത്രിയായി മാറി. കേരളത്തിലെ കാര്യങ്ങളിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമില്ല- സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കട്ടിപ്പാറ പോലുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാകുന്നത് സർക്കാരിന്റെ നയങ്ങൾ കാരണമാണ്. പി.വി. അൻവർ എംഎൽഎയുടെ പാർക്കുമായി ബന്ധപ്പെട്ട നിയമലംഘന വിവരങ്ങൾ മറച്ചുവച്ച ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. അനധികൃത നിർമാണപ്രവർത്തനങ്ങൾ പൊളിച്ചുനീക്കണം- സുരേന്ദ്രൻ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിൽ ബിജെപി നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും കുമ്മനം രാജശേഖരൻ ഒഴികെയുള്ള മറ്റു നേതാക്കൾ സംസ്ഥാനത്തുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.