കോഴിക്കോട്: എന്‍എസ്എസിന്റെ പരോക്ഷ പിന്തുണയോടെ പത്തനംതിട്ടയില്‍ മത്സരിക്കാമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ മോഹങ്ങള്‍ വെട്ടി ആര്‍എസ്എസ്. സുരേന്ദ്രനെ മത്സരിപ്പിക്കാൻ ആർഎസ്എസ് മുൻകൈയെടുത്തതാണ് ശ്രീധരൻ പിള്ളയ്ക്കു തിരിച്ചടിയായത്. അവസാന നിമിഷത്തെ മറ്റ് ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ ശ്രീധരന്‍പിള്ളയ്ക്ക് സീറ്റു ലഭിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ ഇരുമുന്നണികളുടെയും പാര്‍ട്ടി അധ്യക്ഷന്മാര് മത്സരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ശ്രീധരന്‍പിള്ളയുടേത് മാത്രം എന്തിന് വിവാദമാക്കുന്നു എന്നാണ് ഒരു വിഭാഗം നേതാക്കള്‍ ചോദിക്കുന്നത്. അതേസമയം, ശബരിമല വിഷയത്തില്‍ പാര്‍ട്ടിയെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാക്കിയ നേതാവ് എന്ന പ്രതിച്ഛായയാണ് ഒരു വിഭാഗം നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും പാര്‍ട്ടി അധ്യക്ഷനെ കുറിച്ചുള്ളത്.
ഈ ഒരു സാഹചര്യത്തില്‍ ശബരിമല കത്തിനില്‍ക്കുന്ന പത്തനംതിട്ടയില്‍ പാര്‍ട്ടി അധ്യക്ഷനെ മത്സരിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. കെ.സുരേന്ദ്രനെയോ, കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനത്തെയോ ഇവിടെ മത്സരിപ്പിക്കണമെന്നായിരുന്നു ചിന്ത. എന്നാല്‍ സീറ്റിനെക്കുറിച്ച് പരസ്യപ്രതികരണത്തിന് മുതിര്‍ന്നതോടെ കണ്ണന്താനത്തിനെ ഇവിടെ മത്സരിപ്പിക്കാനുള്ള സാധ്യത അടഞ്ഞുകഴിഞ്ഞു.
എന്‍എസ്എസുമായി ഏറെ അടുപ്പമുള്ള നേതാവ് എന്നതായിരുന്നു ശ്രീധരന്‍പിള്ളയ്ക്കുള്ള ഏക പ്ലസ് പോയിന്റ്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരേ നിലപാടെടുത്ത എന്‍എസ്എസ് ശ്രീധരന്‍പിള്ള മല്‍സരിക്കുകയാണെങ്കില്‍ പൂര്‍ണ പിന്തുണ നല്കാന് തയാറായിരുന്നു. എന്നാല്‍ ആര്‍എസ്എസ് ശ്രീധരന് പിള്ളയുടെ സ്ഥാനാര്‍ഥിത്വം എതിര്‍ത്തതോടെ അവസാനനിമിഷം കാര്യങ്ങള്‍ മാറിമറിഞ്ഞു.
ശബരിമല വിഷയത്തില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍തന്നെ സ്ഥാനാര്‍ഥികളായി മുന്‍ നിരയില്‍ ഉണ്ടാകുമെന്നാണ് കേന്ദ്ര നേതൃത്വം നല്കുന്ന സൂചന. ഇതില്‍ എം.ടി.രമേശ് മാത്രമാണ് മത്സരരംഗത്തുണ്ടാവില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുള്ളത്. അതേസമയം മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തേക്കാള്‍ മറ്റുസംസഥാനങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിലാണ് കേന്ദ്രനേതാക്കള്‍.