തിരുവനന്തപുരം: ചാനൽ ചർച്ചയിൽ തനിക്കെതിരേ ഉന്നയിച്ച ആരോപണം തെളിയിക്കാൻ ബിജെപി നേതാവ് കെ.സുരേന്ദ്രനെ വെല്ലുവിളിച്ച് സന്ദീപാനന്ദ ഗിരി. തന്നെ കള്ളസ്വാമിയെന്നും തട്ടിപ്പുകാരനെന്നും വളിച്ച സുരേന്ദ്രൻ ആരോപണങ്ങൾ തെളിയിക്കണമെന്നും അവസാന ഉള്ളിക്കറി പോലെയാകരുതെന്നും സന്ദീപാനന്ദ ഗിരി പരിഹസിക്കുന്നു.
സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൈലാസയാത്രയിലായതിനാൽ കേരളത്തിലെ വിശേഷങ്ങൾ ഒന്നും അറിയാൻ കഴിഞ്ഞില്ല. ഒരു സ്വാമിയുടെ ലിംഗം മുറിച്ചസംഭവവുമായി ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിൽ ഭാരതീയ ജനതാ പാർട്ടിയുടെ കെ.സുരേന്ദ്രൻ സന്ദീപാനന്ദഗിരി സ്വാമി കള്ളസ്വാമിയാണെന്നും തട്ടിപ്പുകൾ നടത്തി നടക്കുകയാണെന്നും വളരെ ആധികാരികമായി പറയുന്നത് കേട്ടു.
സുരേന്ദ്രാ.. കെ. സുരേന്ദ്രാ.. അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ… സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയിൽ നിന്നും പണമായോ വസ്തുവായോ വല്ലതും വാങ്ങിയ വകയിലോ, ഇനി അതല്ല സുരേന്ദ്രന്റെ മാതാവിൽ നിന്ന് വല്ലതും വസൂലാക്കിയ വകയിലോ, അതുമല്ല സുരേന്ദ്രന്റെ സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച വകയിലോ ഏതു വകയിലാ സുരേന്ദ്രാ സന്ദീപാനന്ദ ഗിരി കള്ളനാകുന്നത്?
നമ്മൾ തമ്മിൽ ഒരിക്കൽ പോലും കാണുകയോ സംസാരിക്കുകയോ വസ്തുക്കച്ചവടം നടത്തുകയോ ചെയ്തിട്ടില്ലല്ലോ സുരേന്ദ്രാ… സുരേന്ദ്രൻ എന്തറിഞിട്ടാ ഇങ്ങിനെ പറയുന്നത്? പറഞ്ഞ സ്ഥിതിക്ക് സുരേന്ദ്രന് നട്ടെല്ലുണ്ടെങ്കിൽ, ക്ഷമിക്കണം ഇങ്ങിനെ പറയേണ്ടി വന്നതിൽ, സുരേന്ദ്രൻ ഇത് തെളിയിക്കണം.
സുരേന്ദ്രാ… സുരേന്ദ്രൻ ഒ.രാജഗോപാലിനോടു ചോദിക്കൂ സന്ദീപാനന്ദ ഗിരിയെക്കുറിച്ച് രാജേട്ടൻ പറഞ്ഞുതരും. മാനനീയ പി.പരമേശ്വർജിയോടു ചോദിക്കൂ.. അതുമല്ലെങ്കിൽ സി.കെ.പത്മനാഭനോടു ചോദിക്കൂ.. സി.കെ.പി പറഞ്ഞുതരും. അഭിപ്രായ ഭിന്നതകൾ പലവിഷയങ്ങളിലുമുണ്ട്. അതോരുവീട്ടിൽ പോലുമില്ലേ സുരേന്ദ്രാ.. സുരേന്ദ്രൻ അറിയുന്ന സ്വാമിയുടെ ഗണത്തിൽ പെടില്ല സന്ദീപാനന്ദ ഗിരി. സുരേന്ദ്രാ.. പറഞ്ഞത് സുരേന്ദ്രൻ തെളിയിക്കണം. അവസാനം ഉള്ളിക്കറിപോലെയാകരുത്