സ്വന്തം ലേഖകന്‍
കോഴിക്കോട്: പെട്രോള്‍ വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനയില്‍ അണികള്‍ക്കും നേതാക്കള്‍ക്കും ഒരുപോലെ അമര്‍ഷം.
വോട്ടെടുപ്പ് ദിവസം തന്നെ പെട്രോള്‍ വിവാദത്തില്‍ അനാവശ്യ പ്രസ്താന ഇറക്കിയ സൂരേന്ദ്രനു സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ട്രോളോട് ട്രോളാണ്.
ബിജെപി സംസ്ഥാന അധ്യക്ഷന്റെ അടുത്തുനിന്നും ഉണ്ടാകേണ്ട പ്രസ്താവനയല്ല ഉണ്ടായതെന്നാണ് ബിജെ പി നേതാക്കള്‍ ഉള്‍പ്പെടെ പറയുന്നത്. ഇതു തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോയെന്ന ആശങ്കയിലാണ് നേതാക്കൾ.
പാര്‍ട്ടി പത്രം ഉള്‍പ്പെടെ സുരേന്ദ്രന്റെ പെട്രോള്‍ വിവാദ പ്രസ്താവന ഒഴിവാക്കിയാണ് വാര്‍ത്ത നല്‍കിയത്. പെട്രോള്‍ വിലയൊക്കെ ആരാണ് നോക്കുന്നത്?.
അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 87 രൂപയൊക്കെ പെട്രോളിനു വാങ്ങിയിട്ടുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
മുമ്പ് ഇന്ധന വിലവര്‍ധനയ്ക്കെതിരേ താങ്കള്‍ വണ്ടിയുന്തി പ്രതിഷേധിച്ചല്ലോ എന്ന ചോദ്യത്തിന് ഇപ്പോള്‍ വണ്ടിതള്ളാന് വേറെ ആളുണ്ടല്ലോ എന്നായിരുന്നു പ്രതികരണം.
വണ്ടിയുന്തി പ്രതിഷേധിച്ചതു പ്രതിപക്ഷത്തിരിക്കുമ്പോഴാണ്. എന്തു വിഷയത്തിലും അങ്ങനെയാണ്, അതിനെന്താണ് കുഴപ്പമെന്നുമായിരുന്നു സുരേന്ദ്രന്റെ ചോദ്യം.
പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണപക്ഷത്ത് ഇരിക്കുമ്പോഴും രണ്ട് നയമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാ കാര്യങ്ങളും അങ്ങനെയാണല്ലോ എന്നും പ്രതികരിച്ചു.
രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പെടെ ഈ പ്രസ്താവനകള്‍ ബിജെപിക്കെതിരേ സൈബര്‍ ഇടങ്ങളില്‍ ഉപയോഗിച്ചു തുടങ്ങി. സ്പീക്കള്ക്കെതിരേ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു നടത്തിയ വെളിപ്പെടുത്തലുകളേക്കാള്‍ മൈലേജ് ലഭിച്ചതു പെട്രോള്‍ വാര്‍ത്തയ്ക്കാണെന്ന് അണികളും സമ്മതിക്കുന്നു.
അനവസരത്തിലാണ് പ്രസ്താനയെന്നാണ് മറ്റു നേതാക്കളും സൂചിപ്പിക്കുന്നത്. എതായാലും കെ.സുരേന്ദ്രന്റെ പേജില്‍ ഡിസ്ലൈക്കുകളുടെ പ്രളയമാണ്.
മാത്രമല്ല മുന്‍ പ്രസ്താവനകള്‍ കുത്തിപ്പൊക്കുന്നവരും ഏറെ. ഗ്രൂപ്പുപോരിൽ വലയുന്ന ബിജെപിയിൽ സുരേന്ദ്രന്റെ എതിരാളികൾ അപക്വമായ പ്രസ്താവനയെ പാർട്ടിയിൽ ഉപയോഗിക്കുമെന്നാണ് സൂചന.