മഞ്ചേശ്വരം: അട്ടിമറിവിജയം പ്രതീക്ഷിച്ച് മഞ്ചേശ്വരത്ത് പറന്നിറങ്ങിയ കെ.സുരേന്ദ്രന് ഇത്തവണ തിരിച്ചടിയായത് എൻമകജെ പഞ്ചായത്തിൽ നിന്നുണ്ടായ തിരിച്ചടി.
ആറായിരം വോട്ടിന്റെ ലീഡ് ഇവിടെ നേടുമെന്നാണ് ബിജെപി അവകാശപ്പെട്ടതെങ്കിലും ഭൂരിപക്ഷം 4071ൽ ഒതുങ്ങി. മണ്ഡലത്തിൽ കോൺഗ്രസിന് ഏറ്റവുമധികം വോട്ടുകളുള്ള പഞ്ചായത്താണിത്.
പഞ്ചായത്ത് നിലവിൽ ഭരിക്കുന്നത് യുഡിഎഫ് ആണെങ്കിലും ഏറ്റവും കൂടുതൽ വോട്ടുള്ള പാർട്ടി ബിജെപിയാണ്.
പഞ്ചായത്തിലെ ഹിന്ദുവോട്ടുകൾ പൂർണമായും തങ്ങൾക്ക് അനുകൂലമായി ധ്രുവീകരിക്കാൻ തുടക്കം മുതലേ ബിജെപി നേതൃത്വത്തിന്റെ ഭാഗത്തുനിന്നും കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നു.
നിലവിലെ പഞ്ചായത്ത് പ്രസിഡന്റായ ജെ.എസ്.സോമശേഖരയെ ബിജെപിയിലേയ്ക്ക് ക്ഷണിക്കാൻ കർണാടകയിൽ നിന്നുള്ള സീനിയർ നേതാക്കൾ രംഗത്തെത്തിയിരുന്നു.
മഞ്ചേശ്വരം സീറ്റും സോമശേഖരയ്ക്ക് ഒാഫർ ചെയ്തു. സോമശേഖര ഇതിന് വഴങ്ങിയില്ല. തുടർന്ന് കർണാടകയിൽ നിന്ന് പ്രമുഖ നേതാക്കളെത്തി പഞ്ചായത്തിൽ താമസിച്ച് താഴെത്തട്ടിലുള്ള പ്രചരണപരിപാടികൾക്ക് നേതൃത്വം നൽകി.
ബിജെപി ഇവിടെ ഒഴുക്കിയ പണത്തിന് കൈയും കണക്കുമില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. എന്നാൽ കോൺഗ്രസ് വോട്ട് മറിക്കാനുള്ള ബിജെപിയുടെ ശ്രമം സോമശേഖരയുടെ നേതൃത്വത്തിൽ ഫലപ്രദമായി ചെറുത്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 8,144 വോട്ടുകൾ ഇവിടെ ബിജെപിക്കുണ്ടായിരുന്നു. ഇത് പതിനായിരമായി ഉയർത്തുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം.
എന്നാൽ ഫലം വന്നപ്പോൾ 8,323 വോട്ടുകൾ മാത്രമാണ് പഞ്ചായത്തിൽ ലഭിച്ചത്. പുത്തിഗെയിൽ ബിജെപി ആയിരം വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചെങ്കിലും 742ന്റെ ലീഡ് മാത്രമാണ് ലഭിച്ചത്.
മണ്ഡലത്തിലെ ആറായിരത്തോളം വരുന്ന കൊങ്കിണി ക്രൈസ്തവ വോട്ടുകളിലും ബിജെപിക്ക് കണ്ണുണ്ടായിരുന്നു. ഇതിൽ 3000 വോട്ടെങ്കിലും തങ്ങളുടെ പെട്ടിയിൽ വീഴ്ത്തുകയായിരുന്നു അവരുടെ ലക്ഷ്യം.
സ്ഥാനാർഥി നേരിട്ട് പരമാവധി വീടുകളിൽ കയറിയുള്ള പ്രചരണം അടക്കം ഇതിനായി നടത്തി. എന്നാൽ അഞ്ഞൂറിൽ താഴെ വോട്ടുകൾ മാത്രമേ ഈ വിഭാഗത്തിൽ നിന്നും ബിജെപിക്ക് ലഭിച്ചിട്ടുള്ളു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം എൽഡിഎഫ് ഭരിക്കുന്ന വോർക്കാടി, മീഞ്ച, പൈവെളിഗെ പഞ്ചായത്തുകളിൽ ബിജെപിക്ക് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ലീഡ് ലഭിച്ചു.
വോർക്കാടിയിൽ 500 വോട്ടിന്റെ ഭൂരിപക്ഷമാണ് അവർ പ്രതീക്ഷിച്ചതെങ്കിൽ 1800 വോട്ടിന്റെ ലീഡ് ഇവിടെ ലഭിച്ചു. മീഞ്ചയിൽ ആയിരം വോട്ടിന്റെ ലീഡാണ് പ്രതീക്ഷിച്ചത്.
അത് 1925 ആയി ഉയർന്നു. പൈവെളിഗെയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടായിരം വോട്ടിന്റെ ലീഡുണ്ടായിരുന്നു. ഇത്തവണ അത് 2500 ആകുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
എന്നാൽ ഫലം വന്നപ്പോൾ 2,947 വോട്ടിന്റെ ഭൂരിപക്ഷം അവർക്ക് ലഭിച്ചു.മുസ്ലിംലീഗിന് അവരുടെ ശക്തികേന്ദ്രമായ മംഗൽപാടിയിൽ ഇത്തവണ കനത്ത തിരിച്ചടിയാണേറ്റത്.
കുറഞ്ഞത് ഏഴായിരം വോട്ടിന്റെ ലീഡ് എങ്കിലും നേടുമെന്ന് കരുതിയെങ്കിലും യുഡിഎഫ് ലീഡ് 5,600ൽ ഒതുങ്ങി. എൽഡിഎഫ് വലിയ തോതിൽ മുസ്ലിം വോട്ടുകൾ സമാഹരിച്ചതാണ് ലീഗിന് തിരിച്ചടിയായത്.
എൽഡിഎഫ് 5,695 വോട്ടുകളാണ് ഈ പഞ്ചായത്തിൽ നിന്ന് നേടിയത്. അതേസമയം 3,391 വോട്ടിന്റെ ലീഡ് ലഭിച്ച കുന്പളയും 2850ന്റെ ലീഡ് ലഭിച്ച മഞ്ചേശ്വരവും ഏതാണ്ട് ലീഗിന്റെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവച്ചു.