കോന്നി: കെ. സുരേന്ദ്രൻ തീരുമാനിച്ചുറപ്പിച്ച മട്ടിലാണ്. ആറുമാസത്തിനുള്ളിൽ രണ്ടാമതൊരു ജനവിധി കൂടി തേടി അതേ വോട്ടർമാരെ സമീപിക്കുന്പോൾ അദ്ദേഹത്തിന് ചില ഉറപ്പുകൾ ലഭിച്ചതു പോലെയാണ്. എൻഡിഎ ഘടകകക്ഷിയായ ജനപക്ഷത്തിന്റെ യുവജന പ്രവർത്തകർ കോട്ടയത്തുനിന്നു ശേഖരിച്ച താമരയുമായി കോന്നിയിലെത്തിയപ്പോൾ സുരേന്ദ്രൻ പറഞ്ഞു. ഇത്തവണ ഇത് ഇവിടെതന്നെ വിരിയും. കോന്നിയിലെ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രന് ഇത് അഭിമാന പോരാട്ടമായി മാറിക്കഴിഞ്ഞു.
2016ൽ താൻ 89 വോട്ടുകൾക്കു പരാജയപ്പെട്ട മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്പോൾ അവിടെ മത്സരിക്കാൻ താത്പര്യം കാട്ടാതെ കോന്നിയിലെത്തിയത് എന്തിനാണെന്നു ചോദിച്ചാൽ മഞ്ചേശ്വരത്തോടൊപ്പം ഇത്തവണ കോന്നിയും ജയിക്കണമെന്ന ഉറച്ച മറുപടി.ശബരിമല ആചാരവും വിശ്വാസവുമൊക്കെ തന്നെയാണ് പ്രധാന പ്രചാരണ വിഷയം. സ്വീകരണ യോഗങ്ങളിൽ സുരേന്ദ്രൻ എത്തുന്നതിനു മുന്പേ പ്രസംഗിക്കുന്നവർ ശബരിമല വിഷയവുമായി ബന്ധപ്പെട്ട നിലപാടുകൾ വ്യക്തമാക്കുന്നുണ്ട്.
ഭക്തർക്കുവേണ്ടി സുരേന്ദ്രൻ നടത്തിയ പോരാട്ടം എടുത്തുപറയും. അതിനുള്ള അംഗീകാരമായി കഴിഞ്ഞതവണ കോന്നിയിൽ ലഭിച്ച വോട്ടുകളെന്നും. ഇത്തവണ വിശ്വാസവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ അണിചേർത്തതോടെ വിജയം സുനിശ്ചിതമെന്ന് നേതാക്കൾ ഉറപ്പിക്കുന്നു.
ശബരിമലയുടെ വിശ്വാസ ആചാരങ്ങളുടെ സംരക്ഷകനായി എക്കാലവും താൻ കൂടെയുണ്ടാകുമെന്ന് സുരേന്ദ്രൻ യോഗങ്ങളിൽ ആവർത്തിക്കുന്നു. വോട്ട് രാഷ്ട്രീയമല്ല ബിജെപിയുടേത്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കുതന്ത്രങ്ങളെയും വ്യത്യസ്ത നിലപാടുകളെയും തുറന്നുകാട്ടി വിശ്വാസ സംരക്ഷണത്തിനായി ഒരു വോട്ടഭ്യർഥന ഇതാണ് സുരേന്ദ്രൻ പിന്തുടരുന്ന ശൈലി.
വേരിട്ട പ്രചാരണത്തിലൂടെ അദ്ദേഹം ഇതിനോടകം മണ്ഡലത്തിൽ ശ്രദ്ധേയനായി. സ്വീകരണ യോഗങ്ങളേക്കാൾ കുടുംബയോഗങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർഥിക്കാനും താഴെത്തട്ടിൽ പ്രചാരണം എത്തിക്കാനും ഇതിലൂടെ കഴിഞ്ഞു. വോട്ടഭ്യർഥനയുമായി എത്തുന്നിടത്തെല്ലാം സ്ഥാനാർഥി വോട്ടർമാർക്ക് പ്രിയങ്കരനാകുന്നുണ്ട്. എല്ലാവരുമായി ഇടപഴകി, വയോധികരോടു പ്രത്യേക കുശലാന്വേഷണം നടത്തി, അനുഗ്രഹം ഏറ്റുവാങ്ങിയാണ് പ്രചാരണം.
സ്ഥാനാർഥിയുടേതായ പ്രചാരണത്തിരക്കുകൾ പുറമേ കാട്ടാറില്ല. ചായയും ഭക്ഷണവുമെല്ലാം നാട്ടുകാർക്കൊപ്പം. ആത്മാർഥമായ വാക്കുകളും വികസനത്തിന്റെ പുതിയ കാഴ്ചപ്പാടുകളുമായി സുരേന്ദ്രൻ കോന്നിക്കു സമ്മാനിക്കുന്നത് പുതുമയാർന്ന പ്രചാരണം