പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പത്തനംതിട്ട ജില്ലയില്‍ ബിജെപിക്കായിരിക്കും ഏറ്റവും കൂടുതല്‍ അംഗങ്ങളെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. പത്തനംതിട്ട പ്രസ്ക്ലബിന്റെ തദ്ദേശം 2020 മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്തില്‍ ബിജെപി നിര്‍ണായക ശക്തിയാകും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും ചെയ്യും. കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ ബിജെപി ഭരണത്തിലായിരിക്കും.
ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ജില്ലയില്‍ തങ്ങള്‍ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ, കോന്നി ഉപതെരഞ്ഞെടുപ്പ് കാലത്തെ വോട്ടുവര്‍ധന അതേനിലയില്‍ തുടരാന്‍ ബിജെപിക്കാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയം എല്ലാ ജനവിഭാഗങ്ങള്‍ക്കും ബിജെപി സ്വീകാര്യമായിട്ടുണ്ട്.
എല്ലാ തെരഞ്ഞെടുപ്പിലും ചെയ്യുന്ന പോലെ മതന്യൂനപക്ഷങ്ങളെ തെറ്റിധരിപ്പിക്കുന്ന പ്രചരണം നടത്താന്‍ ഇത്തവണ ഇടത്, വലത് മുന്നണികള്‍ക്ക് കഴിയാത്തത് മോദിയുടെ ജനപ്രിയ പദ്ധതികള്‍ കാരണമാണ്.
ബിജെപി നേട്ടമുണ്ടാക്കുമെന്നുറപ്പുള്ള സ്ഥലങ്ങളില്‍ എല്‍ഡിഎഫ്, യുഡിഎഫ് ഐക്യം നിലവില്‍ വന്നു കഴിഞ്ഞു.
അഴിമതി ചർച്ചയാവും
അഴിമതി തന്നെയാവും തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാകുക. പിണറായി സര്‍ക്കാരിന്റെ കള്ളക്കടത്ത്, രാജ്യദ്രോഹം, കള്ളപ്പണം എന്നിവ ഉയര്‍ത്തുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടു.
ആദ്യമായാണ് ഭരണകക്ഷിയും പ്രതിപക്ഷവും ഒരേപോലെ അഴിമതി ആരോപണം നേരിടുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കിയതു കൊണ്ടാണ് അഴിമതികള്‍ പുറത്തായത്.
യുഡിഎഫ് നേതാക്കള്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് പിന്നിലും ബിജെപിയാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ല.
ശബരിമലയുടെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ ഇപ്പോഴും ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുകയാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.