സുരേഷ് തമ്പാനൂര്‍ വിവാഹിതനാകുന്നു

sഎബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ഒറ്റ ഗാനത്തിലൂടെ മലയാളി പ്രേക്ഷകരുടെ മുത്തായി മാറിയ ആളാണ് സുരേഷ് തമ്പാനൂര്‍. ചിത്രത്തില്‍ സുരേഷ് തന്നെ പാടി അഭിനയിച്ച മുത്തേ..പൊന്നേ..പിണങ്ങല്ലേ എന്ന ഗാനം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. ഏറെക്കാലം ആ ഗാനം ആളുകളുടെ ചുണ്ടുകളില്‍ തത്തിക്കളിച്ചു.

സിനിമയില്‍ കാണുന്നതുപോലെ തന്നെ നിഷ്‌കളങ്കനും രസികനുമാണ് സുരേഷ് എന്ന് അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളില്‍ നിന്നും വ്യക്തമാകുകയും ചെയ്തിട്ടുണ്ട്. അഭിനയ മോഹം ചെറുപ്പം മുതല്‍ കൂടെയുണ്ടായിരുന്നെങ്കിലും വളരെ വൈകി മാത്രമേ അദ്ദേഹത്തിന് സിനിമാലോകത്തേയ്ക്ക് എത്തിപ്പെടാന്‍ കഴിഞ്ഞുള്ളു. ഇപ്പോളിതാ സുരേഷിന്റെ ജീവിതത്തിലേക്കും വളരെ വൈകി ഒരു  പങ്കാളി കടന്നു വരുന്നു. അതേ സുരേഷ് തമ്പാനൂര്‍ വിവാഹിതനാകുന്നു.

ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സുരേഷ് കല്ല്യാണക്കാര്യം പരസ്യമാക്കിയത്.  47 വയസുള്ള സുരേഷിന്റെ വിവാഹം ജൂണ്‍ മാസത്തില്‍ ഉണ്ടാകുമെന്നും വിവാഹത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും  സുരേഷ് പറഞ്ഞു.
എബ്രിഡ് ഷൈനിന്റെ തന്നെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘പൂമര’ ത്തിലാണ് സുരേഷ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഭാവിയില്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് തന്റെ സ്വപ്‌നമാണെന്നും സുരേഷ് വെളിപ്പെടുത്തി.

തമ്പാനൂരിലെ ചുമട്ട് തൊഴിലാളിയായിരുന്ന സുരേഷ് ഒരിക്കല്‍ നേരംപോക്കിന് പാടിയ പാട്ട് സുഹൃത്തുക്കളില്‍ ഒരാള്‍ എബ്രിഡ് ഷൈനിന് അയച്ച് കൊടുത്തതോടെയാണ് സുരേഷിന്റെ തലവര മാറിമറിഞ്ഞത്. പാട്ട് കേട്ട് ഇഷ്ടപ്പെട്ട സംവിധായകന്‍ സുരേഷിനെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. സുരേഷ് കവിതയെഴുതും എന്ന കാര്യം വീട്ടുകാര്‍ പോലും അറിയുന്നത് അദ്ദേഹം സിനിമയിലെത്തിയതിന് ശേഷമാണ്.

അടുത്ത നാളില്‍ ഗംഭീര മേക്ക് ഓവര്‍ നടത്തിയും സുരേഷ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

a e

Related posts