ന്യൂഡൽഹി: പൊതുമുതൽ നശിപ്പിക്കുന്നവരെ കണ്ടാൽ ഉടൻ വെടിവയ്ക്കണമെന്ന് റെയിൽവേ സഹമന്ത്രി സുരേഷ് അംഗാഡി. കേന്ദ്രമന്ത്രി എന്ന നിലയിലാണ് താൻ ഈ നിർദേശം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ മൂർഷിദബാദിൽ പ്രതിഷേധക്കാർ റെയിൽവെ സ്റ്റേഷന് തീയിട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വെടിവയ്ക്കണം. റെയിൽവെയ്ക്കും ജില്ലാ ഭരണകൂടങ്ങൾക്കും ഈ നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രി എന്ന നിലയിലാണ് നിർദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലും റെയിൽവേയ്ക്ക് ഇതിനകം വലിയ നഷ്ടം സംഭവിച്ചു കഴിഞ്ഞതിനാൽ ഇത്തരം അക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ജനങ്ങൾക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കാൻ 13 ലക്ഷം പേരാണ് രാത്രിയും പകലും റെയിൽവെയിൽ ജോലി ചെയ്യുന്നത്. പ്രതിപക്ഷ പിന്തുണയോടെ ചില സാമൂഹികവിരുദ്ധരാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. വല്ലഭായ് പട്ടേൽ ചെയ്തതുപോലെ സർക്കാർ പ്രതിഷേധക്കാർക്കു നേരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണ്. യഥാർഥ പൗരൻമാർക്ക് നിയമം മൂലം പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.