ചവറ: ലോഡ്ജില്‍ ഗൃഹനാഥനെ മര്‍ദിച്ച് അവശനാക്കി കൊലപ്പെടുത്തിയ കേസിൽ ഉള്‍പ്പെട്ട പ്രധാനിയെ ചവറ പോലീസ് പിടി കൂടി.
പുനലൂര്‍ കരുവാളൂര്‍ കല്ലറമ്പില് ജയവിലാസത്തിൽ ഷാജിയെയാണ് (51) സി ഐ എ.നിസാമുദീന്റെ നേതൃത്വത്തിൽ നീണ്ടകര പരിമണത്ത് വെച്ച് പിടി കൂടിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
പോലീസ് പറയുന്നത് : പന്മന ഇടപ്പളളിക്കോട്ടയിലെ ലോഡ്ജില്‍ താമസിച്ച് വന്നിരുന്ന കരുനാഗപ്പളളി പടനായര് കുളങ്ങര കോയിപ്പുറത്ത് വീട്ടില്‍ താസമിക്കുന്ന സുരേഷ് ആന്റണിയെ (60) ഇക്കഴിഞ്ഞ രണ്ടിന് ലോഡ്ജില്‍ താസമിച്ച് വന്ന ശുചീകരണത്തൊഴിലാളിയായ ഷാജിയും തമിഴ്നാട് ശിവഗംഗ സ്വദേശി കുമാറും ചേര്‍ന്ന് മര്‍ദിച്ചിരുന്നു.
മര്‍ദനത്തെ തുടര്‍ന്ന് അവശനായ സുരേഷ് ആന്റണിയെ വീണ്ടും ഷാജിയുടെ മുറിയില്‍ കൊണ്ടു പോയി കമ്പിപ്പാര കൊണ്ട് മർദിച്ചു. പിറ്റേന്ന് പുലര്‍ച്ചെ രക്തം ഒലിച്ച് ലോഡ്ജിന്റെ വരാന്തയില്‍ അവശനിലയില്‍ കണ്ട സുരേഷ് ആന്റണിയെ സമീപത്തുളളവര്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചങ്കിലും മരണമടയുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഷാജിയോടൊപ്പം ഉണ്ടായിരുന്ന കുമാറിനെ പോലീസ് പിടി കൂടി. ഒളിവിലായിരുന്ന ഷാജിക്ക് വേണ്ടി പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തി വരുന്നതിനിടയില്‍ ഇയാളെ നീണ്ടകര പരിമണത്തെ ഇടിഞ്ഞു പൊളിഞ്ഞ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
എസ്ഐമാരായ ഷഫീക്ക്, സുകേഷ്, വിജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ സജി, തമ്പി , ദിനേശ്, അനു എന്നിവരും ഉണ്ടായിരുന്നു.