കണ്ണൂർ: രാജ്യം ഇതുവരെ കാണാത്ത വൃത്തികെട്ട ഭരണമാണു പിണറായി സർക്കാരിന്റെ ഭരണമെന്നു രാജ്യസഭാ എംപിയും സിനിമാ താരവുമായ സുരേഷ് ഗോപി. തളാപ്പിൽ കണ്ണൂർ കോർപ്പറേഷനിലെ എൻഡിഎ സ്ഥാനാർഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്രയും മോശപ്പെട്ട ഒരു ഭരണം കേരളത്തിലെന്നല്ല ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഉണ്ടായിട്ടില്ല. തട്ടിപ്പും വെട്ടിപ്പും കൊള്ളയുമാണ് ഈ സർക്കാരിന്റെ മുഖമുദ്ര.
ഈ സർക്കാരിനെ ഒടുക്കിയേ മതിയാകൂ. ഇത്തരം സർക്കാരിനെതിരേ പ്രതികരിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ്. ജനങ്ങളോടു സ്മരണയില്ലാത്ത ഇടത് സർക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലിൽ എറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു.
സർക്കാരും പ്രതിപക്ഷവും ഒരുപോലെ പരാജയമാണ്. സർക്കാർ വിശ്വാസികളെ വിഷമിപ്പിച്ചു. അത്തരത്തിൽ മൂന്നാം മണ്ഡലകാലമാണിത്. പത്തു ബിജെപി എംഎൽഎമാർ നിയമസഭയിലുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നെന്ന് ചിന്തിച്ചു പോകുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
സംസ്ഥാനത്തു സർക്കാർ നടത്തുന്ന കൊള്ളയ്ക്കിടയിൽ കൊലപാതകത്തിനു ചെറിയ ശമനം വന്നതിൽ ദൈവത്തോടു നന്ദി പറയാം. ഈ പ്രത്യയശാസ്ത്രം ഇനി അവശേഷിക്കാൻ പാടില്ല
. കഴിഞ്ഞ നാലേമുക്കാൽ വർഷം ഈ സർക്കാർ ചെയ്തുകൂട്ടിയത് ഇഴ കീറി പരിശോധിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.