വടക്കഞ്ചേരി: വ്യാപാരിയും സാമൂഹ്യപ്രവർത്തകനുമായ പുതുക്കോട് തച്ചനടി കിഴക്കേക്കരവീട്ടിൽ പരമേശ്വരൻ എഴുത്തച്്ഛന്റെ മകൻ സുരേഷി (45)ന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ. സ്വന്തംകാറിൽ കോയന്പത്തൂരിലേക്കുപോയ സുരേഷിനെ പിന്നീട് ഒറ്റപ്പാലത്തിനടുത്ത് ത്രാങ്ങാലിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ട്രെയിൻതട്ടി ചിന്നിചിതറിയ നിലയിലായിരുന്നു മൃതദേഹം.
തച്ചനടിയിൽ പവർ ടൂൾസ് കട നടത്തുന്ന സുരേഷ് ചൊവ്വാഴ്ച രാവിലെ ഒന്പതിനാണ് സുഹൃത്ത് സലീമിനെയുംകൂട്ടി സാധനങ്ങൾ വാങ്ങുന്നതിനായി കോയന്പത്തൂരിലേക്കുപോയത്. അവിടെ കടയിൽകയറി സാധനങ്ങൾ വാങ്ങി. തുടർന്നു ഇപ്പോൾ വരാമെന്നു പറഞ്ഞുപോയ സുരേഷിനെ പിന്നീടു കാണാതാവുകയായിരുന്നു.
ഇതേതുടർന്നു ഉച്ചയ്ക്കുശേഷം രണ്ടോടെ സുഹൃത്തായ സലീം തച്ചനടിയിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.എന്നാൽ മൊബൈൽ ഫോണ് ആദ്യം റിംഗ് ചെയ്ത് പിന്നീട് സ്വിച്ച് ഓഫാകുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരംതന്നെ ബന്ധുക്കൾ കോയന്പത്തൂരിൽപോയി തെരച്ചിൽനടത്തി അവിടത്തെ പോലീസിൽ പരാതിയും നല്കി.
തുടർന്നു നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാവിലെയാണ് ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിനടുത്ത് മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തിയത്. തിരിച്ചറിയൽ രേഖവഴിയാണ് മൃതദേഹം സുരേഷിന്േറതാണെന്നു കണ്ടെത്തിയത്. മൃതദേഹ അവശിഷ്ടങ്ങൾക്കു സമീപത്തുനിന്നും കിട്ടിയ പേഴ്സിൽനിന്നു കുറച്ചുപണവും ചെങ്ങന്നൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റും കണ്ടെത്തിയിരുന്നു.
കോയന്പത്തൂരിലേക്ക് കാറിൽപോയ സുരേഷ് പിന്നെയെങ്ങനെ ഒറ്റപ്പാലത്ത് എത്തിയെന്നത് ദുരൂഹതയുണ്ടാക്കുന്നതാണെന്നു ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളുള്ളതായി ബന്ധുക്കൾക്ക് യാതൊരു അറിവുമില്ല. സിപിഐ ആലത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയംഗമാണ് മരിച്ച സുരേഷ്. കാണാതായതു സംബന്ധിച്ച് കോയന്പത്തൂർ പോലീസും മരണത്തെപ്പറ്റി ഒറ്റപ്പാലം പോലീസും അന്വേഷണം തുടങ്ങി. അതേസമയം കോയന്പത്തൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് എടുക്കാൻ നില്ക്കുന്നതും പിന്നീട് അവിടത്തെ ബഞ്ചിലിരിക്കുന്നതും സിസിടിവിയിൽ വ്യക്തമായി കാണുന്നുണ്ട്.