പന്തളം: ഏറെക്കാലമായുള്ള സ്വപ്നം ഏറെക്കുറെ സാക്ഷാൽക്കരിച്ച സന്തോഷത്തിലായിരുന്നു കുരന്പാല വിളപ്പറന്പിൽ വീട്ടിൽ സുരേഷ്. പക്ഷെ, സന്തോഷനാളുകൾ നീണ്ടു നിന്നില്ല. മരണം കൂട്ടിക്കൊണ്ടു പോയ ദുർവിധിയാണ് സുരേഷിനെ കാത്തിരുന്നത്. ഭാര്യക്കും മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്പോൾ ടെന്പോ ട്രാവലറിടിച്ചുണ്ടായ അപകടത്തിലാണ് സുരേഷ്(30) മരിച്ചത്. കുട്ടൻ-മണി ദന്പതികളുടെ മകനായിരുന്നു സുരേഷ്കുമാർ.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കുരന്പാല ഇടയാടി കവലയ്ക്ക് സമീപം എംസി റോഡിലായിരുന്നു അപകടം. കിടങ്ങന്നൂരിൽ വിവാഹചടങ്ങിൽ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മകൻ ആദിശങ്കരൻ(മൂന്ന്) പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഭാര്യ ശരണ്യയ്ക്കു(25) നിസാര പരിക്കേറ്റു. ഗൾഫിൽ ജോലി ചെയ്തിരുന്ന സുരേഷ്കുമാർ പുതിയ വീടിന്റെ നിർമാണം പൂർത്തീകരിക്കാനായി അവധിക്കെത്തിയതായിരുന്നു. ഞായറാഴ്ചയാണ് വീടിന്റെ മേൽക്കൂരയുടെ വാർപ്പ് നടന്നത്. ശേഷിക്കുന്ന പണികളും പൂർത്തീകരിച്ച ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങാനായിരുന്നു ആലോചന. എന്നാൽ, ഭാര്യയുടെയും ഏകമകന്റെയും കണ്മുന്നിൽ മരണത്തിന് കീഴടങ്ങേണ്ടി വന്നു. പടയണി, വാദ്യമേള കലാകാരൻ കൂടിയായിരുന്നു സുരേഷ്.