മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമല കൈതകൊല്ലി താഴെ തലപ്പുഴ മിൽമ ഡയറക്ടർ ഗോപിയുടെ മകൻ സുരേഷ് ഗോപിയുടെ കൂട്ടുകാർ മൈനകളും പ്രാവുകളും ഒക്കെയാണ്.
ചിന്നു, മിന്നു തുടങ്ങിയ ഓമനപ്പേരുകളിൽ വിളിക്കുന്ന രണ്ട് മൈനക്കുഞ്ഞുങ്ങളെ സുരേഷിന്റെ തോളിലും തലയിലും മിക്കപ്പോഴും കാണാനാകും.
ഇരട്ടമൈനയെ കണ്ടാൽ ഭാഗ്യമെന്നാണ് വിശ്വാസം. സുരേഷ് വിളിച്ചാൽ ചിന്നുവും മിന്നുവും പറന്ന് എത്തും. വീട്ടിലും കൃഷിയിടത്തിലും സുരേഷിന്റെ ഒപ്പം ഇരുവരും ഉണ്ടാകും.
ചിന്നു സുരേഷിന്റെ തോളിൽക്കയറിയിരിക്കുന്പോൾ മിന്നു കയറുന്നത് തലയിലേയ്ക്കാവും. വീട്ടിലെ എല്ലാവരേടും ചിന്നുവിനും മിന്നുവിനും സ്നേഹം മാത്രം.
വീട്ടിലെ ചെറിയ കുട്ടിയുടെ ഇഷ്ട കളിക്കൂട്ടുകാരാണ് ഇരുവരും. രണ്ട് മാസം മുന്പ് വീടിന് സമീപത്ത് നിന്ന് നിലത്ത് വീണ് കിടന്ന് ജിവൻ നഷ്ടപ്പെടുമായിരുന്ന മൈനക്കുഞ്ഞുങ്ങളെ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ തൂവലുകൾ പോലും ഇല്ലായിരുന്നു.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണമെല്ലാം ഉപ്പ് ചേർക്കാതെയാണ് കൊടുക്കുന്നത്. ഒഴിവുസമയത്ത് സുരേഷ് വയലിൽ കൊണ്ടുപോയി പുൽച്ചാടികളെ പിടിച്ച് കൊടുക്കും.
ചിന്നുവും മിന്നുവും സ്വതന്ത്രരായി പാറിപ്പറന്ന് നടക്കുന്നു, പ്രാവ്, കോഴി, മീൻ, ലൗ ബേഡ്സ് എന്നിവയെയും സുരേഷ് പരിചരിക്കുന്നുണ്ട്. സുരേഷിന്റെ അടുത്തെത്തുന്നവരോടും ചിന്നുവിനും മിന്നുവിനും ഇഷ്ടം തന്നെ. മൊബൈൽ ഫോൺ കണ്ടാൽ ഇരുവരും ഓടിയെത്തും. സെൽഫിയെടുക്കാനും തയ്യാർ.
സുരേഷ് തലപ്പുഴയിൽ ഹിറ്റാച്ചി ഓപ്പറേറ്ററാണ്. മൈനകളിൽ ഒന്ന് ചെറുതായി വർത്തമാനം പറയുവാനും തുടങ്ങിയിട്ടുണ്ട്. സുരേഷിന് പിന്തുണയുമായി വീട്ടുകാരും ഒപ്പം ഉണ്ട്.