തൃശൂർ: റോഡ് ഷോയുമായി തൃശൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ദാ വന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ എടുക്കാൻ വന്നിട്ട് വെറുംകൈയോടെ മടങ്ങിപ്പോയെങ്കിലും ഇത്തവണ തൃശൂർ എല്ലാവരുംകൂടി നൽകുമെന്ന പ്രതീക്ഷയിലാണ് താരം.
ശക്തൻ നഗറിലെ ശക്തൻ തന്പുരാന്റെ പ്രതിമയിൽ താമരമാല ചാർത്തിയാണ് റോഡ് ഷോ ആരംഭിച്ചത്.
വാദ്യമേളങ്ങളുടെ അകന്പടിയോടെ അണിയിച്ചൊരുക്കിയ തുറന്ന ജീപ്പിലായിരുന്നു റോഡ് ഷോ. ജില്ലാ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെയുള്ളവർ അണിനിരന്നു. ശിങ്കാരിമേളം, കാവടി എന്നിവ റോഡ് ഷോയ്ക്കു മാറ്റുകൂട്ടി.
തുറന്ന ജീപ്പിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ കണ്‍വീനറുമായ കെ.ആർ. ഹരി, തൃശൂർ മണ്ഡലം പ്രസിഡന്റും എൻഡിഎ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ കണ്‍വീനറുമായ രഘുനാഥ് സി. മേനോൻ തുടങ്ങിയവർ സുരേഷ്ഗോപിയെ അനുഗമിച്ചു.
റോഡ് ഷോ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രയാണം നടത്തി തെക്കെ ഗോപുരനടയിൽ സമാപിച്ചു.
റോഡ് ഷോയുടെ സമാപന ചടങ്ങിൽ ഗതാഗത തടസമില്ലാതെ ട്രാഫിക് നിയന്ത്രിച്ച ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ അൻഷാദ്, ഷിനോജ് എന്നിവരെ സുരേഷ് ഗോപി ആദരിച്ചാണ് പ്രചാ രണം അവസാനിപ്പിച്ചത്.
സുരേഷ് ഗോപിക്കെതിരെ നിയമനടപടിയെടുക്കും: മേയർ
തൃശൂർ: കോർപറേഷനെ അറിയിക്കാതെയും അനുവാദമില്ലാതെയും ശക്തൻ തന്പുരാന്റെ പ്രതിമയിൽ മാലയിട്ടു തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിനെതിരെ കോർപറേഷൻ നിയമനടപടി സ്വീകരിക്കുമെന്നു മേയർ എം.കെ.വർഗീസ് അറിയിച്ചു.
കോർപറേഷന്റെ അനുമതിയില്ലാതെ ശക്തന്റെ പ്രതിമയിൽ ആർക്കും മാലയിടാനോ മറ്റു കാര്യങ്ങൾ ചെയ്യാനോ അനുവാദമില്ല.
ഇതൊന്നും ചെയ്യാതെയാണ് സുരേഷ് ഗോപി ശക്തനിലെ പ്രതിമയിൽ താമരമാലയിട്ടത്. ഇത് ആരു ചെയ്താലും അംഗീകരിക്കാനാകില്ലെന്നും മേയർ പറഞ്ഞു.