പുതിയ ചിത്രമായ കാവലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് നടനും എംപിയുമായ സുരേഷ് ഗോപി.
ഇപ്പോഴിതാ നടന്റെ ഒരു പുതിയ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട രുചികളെക്കുറിച്ചാണ് സുരേഷ് ഗോപി ഈ വീഡിയോയില്‍ പറയുന്നത്.
ഇഡ്ഡലിയും ചമ്മന്തിയും നാരങ്ങാ അച്ചാറും തൈരുമാണ് തന്റെ പ്രിയരുചികള്‍ എന്നു പറയുകയാണ് സുരേഷ് ഗോപി.
നടി നൈല ഉഷയാണ് ഇതുസംബന്ധിച്ച വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
പ്രാതല്‍ കഴിക്കുന്ന സുരേഷ് ഗോപിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റ് കഴിക്കുന്ന സുരേഷ് ഗോപിയോട് ഭക്ഷണം ഇഷ്ടമായോ എന്ന് നൈല ഉഷ ചോദിക്കുന്നുണ്ട്.
അത് തന്റെ പ്രിയപ്പെട്ട ഭക്ഷണമല്ലെങ്കിലും രുചികരമാണെന്ന് സുരേഷ് ഗോപി പറയുന്നു. അപ്പോഴാണ് നൈല ഉഷ താരത്തിന്റെ പ്രിയരുചിയെക്കുറിച്ച് ചോദിക്കുന്നത്.
ബ്രേക്ഫാസ്റ്റിന് ഏറ്റവുമിഷ്ടം ഇഡ്ഡലിയും ചമ്മന്തിയും ആണെന്ന് നടന്‍ പറയുന്നു. ഒപ്പം തൈരും നാരങ്ങാ അച്ചാറും കൂടിയുണ്ടെങ്കില്‍ പിന്നെ മറ്റൊന്നും വേണ്ടെന്നും നടന്‍.
വിചിത്രമായ തന്റെ ഫുഡ് കോമ്പിനേഷനെക്കുറിച്ച് വിവരിക്കുന്നുമുണ്ട് സുരേഷ് ഗോപി. ഇഡ്ഡലിയും ചമ്മന്തിയും കുഴച്ചതിലേക്ക് തൈരും നാരങ്ങാ അച്ചാറും കലക്കി ചേര്‍ത്ത് കഴിക്കുന്നതാണ് തനിക്കിഷ്ടം എന്നു പറയുകയാണ് താരം.
ഇതു തന്നെ ചോറിനൊപ്പവും കഴിക്കാറുണ്ടെന്നും ഷൂട്ടിങ് സെറ്റില്‍ പലരെയും താന്‍ ഇങ്ങനെ ഊട്ടിയിട്ടുണ്ടെന്നും നടന്‍ പറയുന്നു. എന്തായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.