തിരുവനന്തപുരം: കേരള വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കടുത്ത ശിക്ഷ കുറ്റക്കാർക്ക് നൽകണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.
സിദ്ധാർഥന്റെ മരണത്തിൽ ആഘാതമേറ്റത് ആ കുടുംബത്തിന് മാത്രമല്ല, മക്കളുള്ള എല്ലാവർക്കുമാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. നെടുമങ്ങാട് സിദ്ധാർഥന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന് ഒളിക്കാനും മറയ്ക്കാനുമില്ലെങ്കിൽ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
‘വളരെ നികൃഷ്ടവും പൈശാചികവുമായ ഒരു അവസ്ഥ വിദ്യാർഥി രാഷ്ട്രീയ മേഖലയിൽ വളരെ വർഷങ്ങളായി നമ്മൾ കാണുന്നുണ്ട്. ഓടിച്ചിട്ടു കൊല്ലുകയും എറിഞ്ഞു കൊല്ലുകയും ചെയ്യുന്നു. സൗഹൃദം വളർത്തേണ്ട പ്രായമാണ്. സത്യാവസ്ഥ ഉറപ്പായും കണ്ടെത്തണം. അതിക്രൂരമായി ശിക്ഷിക്കപ്പെടണം.
അവരുടെ അച്ഛനമ്മമാരെ ഓർത്തും ദുഃഖിക്കാനേ സാധിക്കൂ. അവരെന്ത് തെറ്റ് ചെയ്തു? ഇനി ഒരു കുഞ്ഞിനും ഇങ്ങനെ സംഭവിക്കരുത്. ഒരു കുടുംബത്തിനും ഇങ്ങനെ ഒരു വേദന അനുഭവിക്കാൻ ഇടവരരുത്. മക്കളുള്ള എല്ലാ അച്ഛനമ്മമാരെയും ഈ സംഭവം വേദനിപ്പിച്ചു’ സുരേഷ് ഗോപി പറഞ്ഞു.