തൃശൂര്‍: തൃശൂർ പൂരം അലങ്കോലമായതിനെത്തുടർന്ന് സ്വരാജ് റൗണ്ടിലെ തിരുവമ്പാടി ദേവസ്വം ഓഫീസിലേക്കു സുരേഷ് ഗോപി ആംബുലൻസിൽ എത്തിയ സംഭവത്തെക്കുറിച്ച് പോലീസും മോട്ടോർവാഹന വകുപ്പും അന്വേഷണം ആരംഭിച്ചു.
രോഗികളെ കൊണ്ടുപോകാനുള്ള ആംബുലൻസ് സുരേഷ്ഗോപി ദുരുപയോഗം ചെയ്തുവെന്നസിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ് അന്വേഷണം. ഗതാഗത കമ്മീഷണര്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഓഫീസറോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.
പൂരം ദിവസം രാത്രി വെടിക്കെട്ടിനു മുൻപായി പോലീസ് ഇടപെടൽ പൂരം നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നു എന്നാരോപിച്ച് തിരുവമ്പാടി ദേവസ്വം പൂരംചടങ്ങുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രതിസന്ധിയുണ്ടായത്. ഇതോടെ വിഷയം പരിഹരിക്കാനുള്ള ശ്രമവുമായി ആദ്യം സുരേഷ് ഗോപിയാണു ദേവസ്വം ഓഫീസില്‍ എത്തിയത്.
അന്നു തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു സുരേഷ് ഗോപി ആംബുലൻസിലാണ് എത്തിയത്. ആംബുലൻസിന്റെ മുൻസീറ്റിൽ ഇരുന്ന് സുരേഷ് ഗോപി വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.
മറ്റു വാഹനങ്ങള്‍ക്കു പ്രവേശനമില്ലാതെ പൂര്‍ണമായി അടച്ചിട്ട മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതെങ്ങനെയെന്നാണ് പ്രതിപക്ഷവും സിപിഐയും ഉന്നയിക്കുന്ന ചോദ്യം.
സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്. അദ്ദേഹത്തിന് നാടകീയമായി കടന്നുവരാൻവേണ്ടി ആംബുലന്‍സ് ഒരുക്കി നിര്‍ത്തിയിരുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തിയത്.