നടൻ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹവിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. ഗുരുവായൂരില്‍ വെച്ചായിരുന്നു ഭാഗ്യയുടെ വിവാഹം. പിന്നീട് റിസപ്ഷന് കൊച്ചിയിലും തിരുവനന്തപുരത്തും നടത്തി. സിനിമാരാഷ്ട്രീയ രംഗത്തെ സുഹൃത്തുക്കള്‍ക്കും മറ്റും പങ്കെടുക്കാനുള്ള സൗകര്യത്തിനായാണ് കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് റിസപ്ഷനുകള്‍ സുരേഷ് ഗോപി സംഘടിപ്പിച്ചത്.
സെലിബ്രിറ്റികളുടെ കുടുംബത്തില്‍ വിവാഹം നടക്കുമ്പോള്‍ വധുവിന്റെയും വരന്റെയും വസ്ത്രങ്ങളും ആഭരണങ്ങള്‍ അടക്കം ആരാധക ശ്രദ്ധ ആകര്‍ഷിക്കും. ഭാഗ്യയുടെ കല്യാണത്തിനും എല്ലാവരും കാത്തിരുന്നത് താരപുത്രി നവവധുവായി വരുമ്പോഴുള്ള പ്രത്യേകതകള്‍ കാണാനാണ്. സംഗീത്, മെഹന്ദി നൈറ്റ് അടക്കം മകള്‍ക്കായി സുരേഷ് ഗോപി ഒരുക്കിയിരുന്നു. എല്ലാ ചടങ്ങുകൾക്കും വളരെ വ്യത്യസ്തമായ ലുക്കും വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ഭാഗ്യ ധരിച്ചത്. അതില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത് ഭാഗ്യയുടെ കല്യാണ ദിവസത്തെ ലുക്കായിരുന്നു. വളരെ സിംപിള്‍ ലുക്കിലാണ് ഭാഗ്യ എത്തിയത്.
സുരേഷ് ഗോപിയുടെ മകള്‍ വിവാഹിതയാകുമ്പോള്‍ ആഭരണത്തില്‍ മുങ്ങിയാകും എത്തുകയെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ വളരെ സിപിംളായി ഒരു ചോക്കര്‍ മാലയും രണ്ട് വളയും ഒരു ജോഡി ജിമിക്കി കമ്മലും മാത്രമാണ് ഭാഗ്യ ധരിച്ചത്. താരപുത്രിയുടെ വിവാഹ വീഡിയോ വൈറലായപ്പോള്‍ ഭാഗ്യയുടെ ആഭരണങ്ങളെ കുറിച്ചും നിരവധി വാര്‍ത്തകളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താന്‍ മകള്‍ക്ക് നല്കിയ ആഭരണങ്ങളുമായി ബന്ധപ്പെട്ട് വന്ന വിവാദങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്…
‘സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമായ വിവരങ്ങളുടെ വെളിച്ചത്തില്‍ ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങള്‍ ഓരോന്നും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ജിഎസ്ടിയും മറ്റെല്ലാ നികുതികളും അടക്കം എല്ലാ ബില്ലും കൃത്യമായി അടച്ചാണ് മേടിച്ചത്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഡിസൈനര്‍മാര്‍. ഒരു മെറ്റീരിയല്‍ ഭീമയില്‍ നിന്നുമുള്ളതായിരുന്നു. ദയവായി ഇത് നിര്‍ത്തൂ… വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകര്‍ക്കരുത്. ഈ എളിയ ആത്മാവ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും പരിപാലിക്കാനും പ്രാപ്തനാണ്…’, എന്നാണ് സുരേഷ് ഗോപി കുറിച്ചത്.