കോഴിക്കോട്: കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെ കേരളത്തില്‍നിന്ന് ആര് മന്ത്രിസ്ഥാനത്തെത്തുമെന്ന കാര്യത്തില്‍ ചര്‍ച്ച കൊഴുക്കുന്നു. കേരളത്തിൽനിന്ന് പുതിയ ഒരാളെ കേന്ദ്രമന്ത്രിയാക്കുക വഴി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയരീതിയിലുള്ള ചലനമുണ്ടാക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്.
പാര്‍ട്ടിയുടെ നിലവിലെ ക്രൗഡ് പുള്ളറായ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിലേക്കു പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെത്തന്നെ പുറത്തുവന്നിരുന്നു.
അതിനിടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ തത് സ്ഥാനത്തുനിന്നു മാറ്റി നിലവിൽ കേന്ദ്രമന്ത്രിയായ വി. മുരളീധരനെ അധ്യക്ഷനാക്കുമെന്നും പകരം സുരേന്ദ്രനെ കേന്ദ്രമന്ത്രിസഭയിലെടുക്കുമെന്നും വാർത്തകൾ വരുന്നുണ്ട്.
നേരത്തേ വി. മുരളീധരനെ സംസ്ഥാന അധ്യക്ഷപദവിയില്‍നിന്നു മാറ്റിയാണ് അദ്ദേഹത്തിന് കേന്ദ്രസഹമന്ത്രിസ്ഥാനം നല്‍കിയത്.
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ നേതൃത്വമുണ്ടായേക്കുമെന്ന് ജെ.പി. നഡ്ഡ നേരത്തേ പറഞ്ഞിരുന്നു. നേതൃമാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങളിൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ചര്‍ച്ച സജീവമാണ്.