മലയാള സിനിമയിലെ കപടതകള്‍ തീരെയില്ലാത്ത പച്ചയായ മനുഷ്യനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്നും നിരവധിപേര്‍ അദ്ദേഹത്തെ ദ്രോഹിച്ചിരുന്നെന്നും നടനും എം.പിയുമായ സുരേഷ് ഗോപി.
എന്തും വെട്ടിത്തുറന്നു പറയുന്ന പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. അഭിനയത്തിന്റെ കാര്യത്തിലായാലും കഥാപാത്രത്തിന്റെ കാര്യത്തിലായാലും ഇഷ്ടമില്ലാത്തത് ഞാന്‍ ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടു തന്നെ അദ്ദേഹം അഭിനയിക്കും. പക്ഷേ ആരോടും പരാതി പറയുകയുമില്ല. കപടത തീരെയില്ലാത്ത ഒരു പാവം മനുഷ്യനായിരുന്നു അദ്ദേഹമെന്നും സുരേഷ് ഗോപി അനുസ്മരിച്ചു.
നിരവധിപേര്‍ അദ്ദേഹത്തെ ദ്രോഹിച്ചിരുന്നെന്നും എന്നാല്‍ തങ്ങള്‍ക്ക് പോലും ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹത്തെ ഫോണ്‍വിളിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും ആരോഗ്യം വീണ്ടെടുത്തു വരികയായിരുന്ന അദ്ദേഹത്തിന്റെ പെട്ടന്നുള്ള മരണം വളരെ വേദനയുണ്ടാക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
തുടക്കകാലം മുതലേ ക്യാപ്റ്റന്‍ രാജുവുമായി നല്ല ബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഫോണ്‍ വഴിമാത്രമായിരുന്നു തങ്ങളുടെ ബന്ധമെന്നും അദ്ദേഹം പറഞ്ഞു.
ഒരോരുത്തരായി വേര്‍പിരിയുമ്പോള്‍ കനത്ത വേദനയുണ്ടെന്നും രാജന്‍ പി ദേവ്, നരേന്ദ്ര പ്രസാദ്, എന്‍.എഫ് വര്‍ഗീസ് ഇങ്ങനെ ഒരോ ആളുകളും കടന്നുപോകുന്ന കൂട്ടത്തില്‍ വേദന ഒരാഘാതം പോലെ പിടിച്ചു കയറുന്ന മരണമാണ് ക്യാപ്റ്റന്‍ രാജുവിന്റെതുമെന്നും സുരേഷ് ഗോപി പറഞ്ഞു.