കോഴിക്കോട്: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോടു അപമര്യാദയായി പെരുമാറിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതു വൈകും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കുറ്റപത്രം പരമാവധി വൈകിപ്പിക്കാനാണ് പോലീസ് നീക്കം.
തൃശൂരില്‍ സുരേഷ് ഗോപി മല്‍സരിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിഷയം അതുവരെ ലൈവാക്കി നിര്‍ത്താന്‍ പോലീസില്‍ സമ്മര്‍ദമുണ്ടെന്നാണ് സൂചന. കൂടുതല്‍ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്തതിനാല്‍ അറസ്റ്റ് സാധ്യത മുന്‍കൂട്ടി കണ്ട് സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കുര്‍ ജാമ്യത്തിന് സമീപിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ തീരുമാനമായിട്ടില്ല.
സുരേഷ് ഗോപിക്കെതിരേയുള്ള കേസില്‍ പോലീസ് അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ നടക്കാവ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് ചോദ്യം ചെയ്തശേഷം വിട്ടയയ്ക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.
മാധ്യമ പ്രവര്‍ത്തക നല്കിയ പരാതിയില്‍ അന്ന് 354 എ, ഉപവകുപ്പുകളായി 1,4 എന്നിവയാണ് ചുമത്തിയിരുന്നത്. മൊഴിയെടുത്തശേഷം ആറു മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതിനുശേഷമാണ് മാനഭംഗപ്പെടുത്തണെമന്ന ഉദ്ദേശത്തോടെ സ്പര്‍ശിച്ച കുറ്റത്തിന് 354 വകുപ്പുകൂടി ഉള്‍പ്പെടുത്തിയത്.
മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവച്ചത് മനഃപൂര്‍വമാണെന്ന അന്വേഷണ ഉദ്യേഗസ്ഥന്റെ റിപ്പേര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വകുപ്പ് ചേര്‍ത്തത്. കഴിഞ്ഞ ഒക്ടോബര്‍ 27ന് കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയില്‍ സുരേഷ്ഗോപി മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ പിടിച്ചെന്നും ഒഴിഞ്ഞുമാറിയിട്ടും വീണ്ടും പിടിച്ചെന്നുമാണ് പരാതി.
മാധ്യമ പ്രവര്‍ത്തകയോടു അദ്ദേഹം മാപ്പ് പറഞ്ഞിരുന്നുവെങ്കിലുംഅവര് കേസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. നവകേരള സദസിനുമുമ്പുതന്നെ കുറ്റപത്രം തയാറായിരുന്നുവെങ്കിലും നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയ ശേഷമാണ് രണ്ടാഴ്ച കഴിഞ്ഞശേഷം കുറ്റപത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ എത്തിയത്. ഈ കേസ് സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന വിമര്‍ശനം ശക്തമാണ്.