ഓർമയുണ്ടോ ഈ മുഖം….അതൊരു ചോദ്യമായിരുന്നു, ഒന്നൊന്നര ചോദ്യം. ഭൂലോകത്തെവിടെയൊക്കെ മലയാളിയുണ്ടോ അവരെല്ലാം ഒരിക്കലെങ്കിലും ഏറ്റു പറഞ്ഞു ഈ ഡയലോഗ്. കമ്മീഷണർ ഭരത്ചന്ദ്രൻ ഐപിഎസ് മന്ത്രിയുടെ ഭാര്യയോടു ചോദിച്ച ചോദ്യം മലയാളികൾക്കുള്ളിൽ പ്രകന്പനമായി മാറി. മുപ്പതു വർഷം പിന്നിടുന്പോഴും ഓർമയുണ്ടോ ഈ മുഖം എന്ന ചോദ്യത്തിന്റെ പവറും ഫ്രഷ്നസും കുറയുന്നില്ല.
1994ൽ റിലീസ് ചെയ്ത ഷാജികൈലാസ്-രണ്‍ജിപണിക്കർ ടീമിന്റെ കമ്മീഷണർ എന്ന സിനിമയിലെ ഏറ്റവും സോഫ്റ്റായ എന്നാൽ അത്രയും പഞ്ചുള്ള ഡയലോഗുകളിൽ ഒന്നായിരുന്നു ഓർമയുണ്ടോ ഈ മുഖം എന്നു തുടങ്ങുന്ന ഡയലോഗ്.
തൃശൂർ പൂരം വെടിക്കെട്ട് പോലെയായിരുന്നു ആ ഡയലോഗിന്റെ രീതി. മുരൾച്ചയിൽ തുടങ്ങി അലർച്ചയിലൊടുങ്ങുന്ന വെടിക്കെട്ട് പോലെ വളരെ സോഫ്റ്റായി തുടങ്ങി പിന്നീടങ്ങോട്ട് കത്തിക്കയറുന്ന ഭരത്ചന്ദ്രന്റെ മുഴക്കമുള്ള ഗർജനത്തിൽ തിയറ്ററുകൾ കുലുങ്ങി…ഡയലോഗുകൾ കേൾക്കാൻ സാധിക്കാത്ത വിധം കൈയടികൾ മുഴങ്ങിയ നിമിഷങ്ങൾ…
അതായിരുന്നു സുരേഷ്ഗോപി നായകനായി ആർമാദിച്ച കമ്മീഷണർ എന്ന സിനിമ. റിലീസ് ചെയ്ത് മുപ്പതാം വർഷത്തിലും മടുക്കാതെ കണ്ടിരിക്കാൻ സാധിക്കുന്ന ത്രില്ലടിപ്പിക്കുന്ന കമ്മീഷണർ.
ആവനാഴിയിലും ഇൻസ്പെക്ടർ ബൽറാമിലുമൊക്കെ കണ്ടു പഴകിയ ആദർശധീരനായ പോലീസ് ഓഫീസറുടെ ഛായ തന്നെയാണ് കമ്മീഷണർ ഭരത് ചന്ദ്രനെങ്കിലും അതിനെ തങ്ങളുടേതായ പ്രോഡക്ട് ആക്കി മാറ്റാൻ തിരക്കഥാകൃത്ത് രണ്ജിപണിക്കർക്കും സംവിധായകൻ ഷാജികൈലാസിനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ്ഗോപിക്കുമായി. അതുകൊണ്ടുതന്നെയാണ് ഇന്നും മലയാളത്തിലെ പോലീസ് സിനിമകളിൽ കമ്മീഷണർ തലപ്പൊക്കത്തോടെ നിൽക്കുന്നത്.
റിലീസിന്റെ ആദ്യ ദിവസം ആദ്യ ഷോ മുതൽ തന്നെ കമ്മീഷണർ കേരളത്തിലെല്ലായിടത്തും ഹൗസ്ഫുള്ളായിരുന്നു. ഇതേ ടീമിന്റെ തൊട്ടുമുന്പിലെ വർഷം റിലീസ് ചെയ്ത ഏകലവ്യൻ എന്ന സിനിമ നൽകിയ ഇംപാക്ടായിരുന്നു കമ്മീഷണർക്ക് ഇത്രയും ആകാംക്ഷ നൽകിയത്.
ഏറെ പ്രതീക്ഷയോടെ ആദ്യ ഷോയ്ക്കു കയറിയവർ തിരിച്ചിറങ്ങിയത് അണപൊട്ടിയ ആവേശത്തോടെയാണ്. കിടിലൻ ഇടിവെട്ട് ഡയലോഗുകളുടെ തൃശൂർ പൂരമാണ് അറിയാതെ കൈയടിച്ചുപോകുമെന്ന് ചിത്രം ആദ്യം കണ്ടിറങ്ങിയ ഫാൻസുകാരല്ലാത്തവർ അഭിപ്രായം പ്രകടിപ്പിക്കുന്പോൾ രണ്ടാം ഷോ ഹൗസ്ഫുൾ ആയിക്കഴിഞ്ഞിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും തൃശൂരുമൊക്കെ ഇതു തന്നെയായിരുന്നു സ്ഥിതി. അന്നേവരെ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ രീതിയിൽ ഒരു പോലീസ് സ്റ്റോറി. ബിഗ്സ്ക്രീനിൽ തോക്കിന്റെ ഗർജനത്തോടും പോലീസ് ബൂട്ടിന്റെ മുഴക്കത്തോടുമൊപ്പം ഇടിവെട്ട് തീപ്പൊരി ഡയലോഗുകളുമായി സുരേഷ്ഗോപി നിറഞ്ഞാടി.
കേരളത്തിലെ അന്നത്തെ രാഷ്ട്രീയസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളതെങ്കിലും മൂന്നു പതിറ്റാണ്ടിനപ്പുറവും കമ്മീഷണർ പുതിയ പ്രേക്ഷകരെ പോലും രസിപ്പിക്കുന്നുവെന്നതിലാണ് ആ സിനിമയുടെ മാജിക് ഒളിഞ്ഞിരിക്കുന്നത്. പിന്നീട് രണ്‍ജി പണിക്കരെഴുതിയ പല തിരക്കഥകളിലേയും സംഭാഷണങ്ങളുമായി താരതമ്യം ചെയ്യുന്പോൾ വളരെ ലൈറ്റായ ഡയലോഗുകളാണ് കമ്മീഷണറിലേത് എന്ന് വ്യക്തമാകും. പത്രം, പ്രജ, ഭരത്ചന്ദ്രൻ ഐപിഎസ്, ദി കിംഗ് തുടങ്ങിയ ചിത്രങ്ങളിലെ ഡയലോഗുകളിൽ നിന്നെല്ലാം കമ്മീഷണറിലെ സംഭാഷണങ്ങൾ വളരെ ഘനം കുറഞ്ഞതാണ്. എന്നിട്ടുപോലും കമ്മീഷണറിലെ ഡയലോഗുകൾ തലമുറകൾ ഏറ്റുപറഞ്ഞുകൊണ്ടേിയിരിക്കുന്നു. ജസ്റ്റ് റിമംബർ ദാറ്റ് എന്ന ഡയലോഗിനും പ്രായമാകുന്നില്ല.
മുഖ്യമന്ത്രിയടക്കമുള്ളവരെ ഭയപ്പെടാതെ നട്ടെല്ലു നിവർത്തി തന്റേടത്തോടെ കാര്യങ്ങൾ പറയാനുള്ള ഇരട്ടച്ചങ്കായിരുന്നു ഭരത്ചന്ദ്രന് രണ്‍ജിപണിക്കർ കൽപിച്ചു കൊടുത്തത്. ജ്വലിച്ചുനിൽക്കുന്ന കമ്മീഷണർ ഭരത്ചന്ദ്രനെ മനംമയക്കുന്ന പുഞ്ചിരികൊണ്ട് നേരിടുന്ന എതിരാളി മോഹൻതോമസ് എന്ന ക്യൂട്ട് വില്ലനായി രതീഷ് സുരേഷ്ഗോപിക്കൊപ്പം കട്ടയ്ക്ക് കട്ട നിന്നു.
സംസ്ഥാന ഇന്റലിജൻസ് മേധാവി രാജൻ ഫെലിക്സ് (രാജൻ പി ദേവ്), ഗോവയിൽ നിന്നെത്തിയ വില്ലൻ വിൽഫ്രഡ് വിൻസന്റ് ബാസ്റ്റിൻ (ഭീമൻ രഘു), ഐ.ജി ഹരികൃഷ്ണമേനോൻ (എൻ.എഫ്.വർഗീസ്), മോഹൻതോമസിന്റെ അനുജൻ സണ്ണിതോമസ് (ബൈജു), ഓർമയുണ്ടോ ഈ മുഖമെന്ന് ഭരത് ചന്ദ്രൻ ചോദിക്കുന്ന അച്ചാമ്മ വർഗീസ് (രാഗിണി), ആഭ്യന്തരമന്ത്രി പീതാംബരൻ (കൊല്ലം തുളസി), റൂറൽ എസ്പി ബോബി(സത്താർ), കുഞ്ഞുമൊയ്തീൻ സാഹിബ്(കെ.പി.എ.സി സണ്ണി) തുടങ്ങി വില്ലൻമാരും വില്ലത്തികളുമായി ഒരു നിരതന്നെയുണ്ട് കമ്മീഷണറിൽ.
പക്ഷേ ഒരു കഥാപാത്രം പോലും അനാവശ്യമാണെന്ന് തോന്നില്ല. നായകന്റെ ബിൽഡപ്പിന് ഇവരുടെയെല്ലാം കിടിലൻ പെർഫോമെൻസ് കമ്മീഷണറെ വേറൊരു ലെവലിലെത്തിച്ചു.എഎസ്പി പ്രസാദായി ഗണേഷ്കുമാറും എഎസ്പി മുഹമ്മദ് ഇഖ്ബാലായി വിജയരാഘവനും തീയറ്ററിൽ കൈയടി നേടിയപ്പോൾ ജസ്റ്റിസ് മഹേന്ദ്രനായി എത്തിയ കരമന ജനാർദ്ദനൻ നായരുടെ ഡയലോഗുകളും തീയറ്ററിൽ കരഘോഷമുയർത്തി.
ശോഭന, ചിത്ര, രവി വള്ളത്തോൾ, മണിയൻപിള്ള രാജു, അഗസ്റ്റിൻ, പ്രിയങ്ക, സാദിഖ്, രണ്‍ജിപണിക്കർ, ടി.എസ്.കൃഷ്ണൻ തുടങ്ങി നിരവധി അഭിനേതാക്കൾ കമ്മീഷണറിലുണ്ട്. ഇതിലേറെ എക്സ്ട്രാ താരങ്ങൾ പോലീസുകാരായും ജനക്കൂട്ടമായുമൊക്കെ ബിഗ് സ്ക്രീനിൽ നിറഞ്ഞപ്പോൾ അത് പ്രേക്ഷകർക്ക് കണ്ണിന് പുതിയ വിസ്മയക്കാഴ്ചയായി. കണ്ടവർ തന്നെ വീണ്ടും വീണ്ടും കണ്ട സിനിമകളിലൊന്നാണ് കമ്മീഷണർ.
1994ലെ വിഷുക്കാലത്താണ് കമ്മീഷണർ കേരളത്തിലെ തിയറ്ററുകളിൽ ചാർജെടുക്കുന്നത്. കേരളത്തിൽ നിന്നു കമ്മീഷണറെ തമിഴ്നാട്ടിലേക്കും തെലുങ്കിലേക്കും കർണാടകയിലേക്കും കൊണ്ടുപോയപ്പോഴും വിജയചരിത്രത്തിന് മാറ്റമൊന്നുമുണ്ടായില്ല. ആന്ധ്രപ്രദേശിൽ 365 ദിവസമാണ് പോലീസ് കമ്മീഷണർ എന്ന ചിത്രം ഓടിയത്.
ഭരത്ചന്ദ്രന്റെ ഇൻട്രഡക്ഷനും മറ്റും സീനുകൾക്കും രാജാമണി നൽകി ബാക്ഗ്രൗണ്ട് സ്കോറും കാലത്തെ അതിജീവിച്ചതായി. പല മൊബൈൽ ഫോണുകളുടേയും റിംഗ് ടോണ്‍ പിൽക്കാലത്ത് ഭരത്ചന്ദ്രന്റെ വരവ് ഓർമിപ്പിക്കുന്നതായിരുന്നു.
കമ്മീഷണറിൽ അഭിനയിച്ച പല താരങ്ങളും ഇന്ന് ജീവിച്ചിരിപ്പില്ല. കമ്മീഷണർ എന്ന സിനിമയിലെ ഭരത്ചന്ദ്രൻ എന്ന കഥാപാത്രത്തെ ഒരിക്കൽ കൂടി രണ്‍ജിപണിക്കർ വെള്ളിത്തിരയിലെത്തിച്ച് ആറാടിച്ചത് 2005ലാണ്. ഭരത്ചന്ദ്രൻ ഐപിഎസ് എന്ന ചിത്രത്തിലൂടെ. രണ്‍ജിപണിക്കർ സംവിധായകനായ ചിത്രമായിരുന്നു അത്. 1994ൽ നിന്ന് 2005ലേക്കെത്തിയപ്പോൾ കമ്മീഷണറുടെ വീര്യവും ചങ്കൂറ്റവും പതിൻമടങ്ങ് വർധിച്ചതായാണ് പ്രേക്ഷകർ കണ്ടത്. ഏഴുവർഷങ്ങൾ കഴിഞ്ഞ് ദി കിംഗ് ആൻഡ് ദി കമ്മീഷണറിലും ഭരത്ചന്ദ്രനെ കൂടുതൽ പവർഫുള്ളായി മലയാളികൾ കണ്ടു.
2024ൽ കേന്ദ്രസഹമന്ത്രിയായി സുരേഷ്ഗോപി സത്യപ്രതിജ്ഞ ചെയ്യുന്പോൾ അത് ടിവിയിൽ കണ്ടുകൊണ്ടിരുന്ന ഒരുപാട് മലയാളികളുടെ മനസിൽ ആ പഴയ ഡയലോഗുകൾ മിന്നിമറഞ്ഞിരിക്കാം…
ഋഷി