തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്ന ബിജെപി നേതാവായ നടൻ സുരേഷ്ഗോപി കരുവന്നൂരിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തും.
കരുവന്നൂരിൽനിന്ന് തൃശൂർ വരെ നടത്തിയ പദയാത്രയ്ക്കുശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയെ സുരേഷ്ഗോപി കാണുന്നത്.
കരുവന്നൂരിൽനിന്നു ലഭിച്ച നിരവധി പരാതികൾ സംബന്ധിച്ചും കരുവന്നൂരിലെ ഇപ്പോഴത്തെ പ്രതിസന്ധികളെക്കുറിച്ചും ഇഡി അന്വേഷണം സംബന്ധിച്ചും സുരേഷ്ഗോപി പ്രധാനമന്ത്രിയുമായി സംസാരിക്കും.
കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഏതെങ്കിലും തരത്തിൽ നടത്താൻ പറ്റുമോ എന്ന കാര്യവും ചർച്ച ചെയ്യും. കരുവന്നൂർ വിഷയം മുൻനിർത്തി സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരേ ബിജെപിയുടെ പ്രക്ഷോഭം ശക്തമാക്കുന്ന കാര്യം സംബന്ധിച്ചും സുരേഷ്ഗോപി പ്രധാനമന്ത്രിയെ ധരിപ്പിക്കും.
തൃശൂർ ലോക്സഭ സ്ഥാനാർത്ഥിത്വം സംബന്ധിച്ചും ഇന്ന് ഇരുവരും തമ്മിൽ സംസാരിക്കുമെന്നാണ് സൂചന. സത്യജിത്ത് റേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തേക്ക് സുരേഷ്ഗോപിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് പ്രധാനമായും നടക്കുകയെങ്കിലും ഈ പദവി ഏറ്റെടുക്കുന്നതുകൊണ്ട് തൃശൂരിൽ ലോക്സഭ സ്ഥാനാർഥിയായി മത്സരിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ.
ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കാനാണ് മോദി സുരേഷ്ഗോപിയെ കൂടിക്കാഴ്ചക്ക് വിളിച്ചിരിക്കുന്നതതെന്നാണു സൂചന.