തൃശൂർ: മിന്നുന്ന വിജയവുമായി സുരേഷ്ഗോപി ഇന്ന് ഉച്ചയ്ക്ക് ഡൽഹിക്ക് പറക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്നുതന്നെ കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് സൂചന. പുതിയ കേന്ദ്രമന്ത്രിസഭയിൽ സുരേഷ്ഗോപിക്ക് സ്ഥാനമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കാബിനറ്റ് പദവി ലഭിക്കുമെന്നും അഭ്യൂഹമുണ്ട്.
അമിത് ഷാ നേരിട്ട് കാര്യങ്ങൾ കൈകാര്യം ചെയ്ത തൃശൂരിൽ മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് കരുത്തരായ ഇടതുവലതു സ്ഥാനാർഥികളെ തറപറ്റിച്ച് ബിജെപിക്ക് ചരിത്രവിജയം നേടിക്കൊടുത്ത സുരേഷ്ഗോപിക്ക് പ്രധാനപ്പെട്ട വകുപ്പു തന്നെ നൽകണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്.
തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ തൃശൂരിനൊരു കേന്ദ്രമന്ത്രിയെന്ന മോദിയുടെ ഗാരണ്ടി യാഥാർഥ്യമാകുമെന്നാണ് ഡൽഹിയിൽനിന്നുള്ള സൂചനകളും. ഇന്നുച്ചയ്ക്ക് ഡൽഹിക്കു പോകുന്ന തൃശൂരിന്റെ എംപി തിരിച്ചുവരുന്നത് കേന്ദ്രമന്ത്രിയായിട്ടാകും. സുരേഷ്ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് ബിജെപി നേതാവ് വി. മുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്.