തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ തൃശൂരിൽ ഫ്ളക്സ് ബോർഡിന്റെ പേരിൽ വിവാദം. ഇരിങ്ങാലക്കുടയില്‍ അന്തരിച്ച നടൻ ഇന്നസെന്റിനൊപ്പം എൻഡിഎ സ്ഥാനാർഥിയുടെ ചിത്രമാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്.
ബസ് സ്റ്റാൻഡ് എകെപി റോഡിലെ ഒഴിഞ്ഞ പറമ്പിൽ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എൽഡിഎഫ് സ്ഥാനാർഥി സുനില്‍കുമാറിന്റെ ബോര്‍ഡാണ് ആദ്യം ഉയര്‍ന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും ഇന്നസെന്റും ഒരുമിച്ചുള്ള ചിത്രം സഹിതം അവിടെ ബോര്‍ഡ് ഉയർന്നതോടെ സംഭവം വിവാദമാകുകയായിരുന്നു. എല്ലാത്തിനപ്പുറം സൗഹൃദം എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത്.
തങ്ങളുടെ അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം പ്രതികരിച്ചു. പാർട്ടിയുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും ഇന്നസെന്റിന്റെ മകൻ സോണറ്റ് അറിയിച്ചു.
ഇതിനു പിന്നാലെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണി ജില്ലാ കളക്ടർക്ക് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോർഡുകൾ മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.