താനൊരു ഇമോഷണല് ബീസ്റ്റാണെന്നും ട്രോളന്മാര്ക്കുവേണ്ടിത്തന്നെയാണ് ഇതു പറയുന്നതെന്നും നടന് സുരേഷ് ഗോപി.
പ്രതീക്ഷ ഫൗണ്ടേഷനും മുംബൈ വസായിയും ചേര്ന്ന് സംഘടിപ്പിച്ച ട്രാന്സ്ജെന്ഡേഴ്സ് ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതു പറയുമ്പോള് ചില ഭാഗങ്ങള് അടര്ത്തിയെടുത്ത് ട്രോളുമെന്നറിയാം. എന്നാല്, ട്രോളുന്നവരെപ്പോലെ ട്രോളപ്പെടുന്നവരെയും ജനം വിലയിരുത്തും.
വേട്ടയാടപ്പെടുന്നേയെന്ന നിലവിളി കേള്ക്കുന്നുണ്ട്. വേട്ടയാടുന്നവരെയും വേട്ടയാടപ്പെടുന്നവരെയും കാണുന്നവര്ക്ക് നന്നായി അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.
താനൊരു ദേഷ്യക്കാരനായത് രാഷ്ടീയത്തിലിറങ്ങിയതിനുശേഷമാണ്. അദ്ദേഹം ട്രാന്സ്ജെന്ഡറുകള്ക്കുമുന്നില് തലകുനിച്ച് അനുഗ്രഹം തേടുകയും ചെയ്തു.
പ്രതീക്ഷ ഫൗണ്ടേഷന് ചെയര്മാന് ഉത്തംകുമാര് അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്, കൗണ്സിലര് പൂര്ണിമാ സുരേഷ്, പി.ആര്. ശിവശങ്കരന്, ദേവൂട്ടി ഷാജി, സംവിധായകന് വിഷ്ണുമോഹന് തുടങ്ങിയവര് പ്രസംഗിച്ചു. കവി വിജയരാജമല്ലിക, ഡോ. വി.എസ്. പ്രിയ ഉള്പ്പെടെ വിവിധ മേഖലകളില് വ്യക്തിമുദ്ര പതിപ്പിച്ച ട്രാന്സ്വ്യക്തികള്ക്ക് ആദരമായി ഓണപ്പുടവയും ഫലകവും സുരേഷ് ഗോപി കൈമാറി.
സിവില് സര്വീസ് ലക്ഷ്യമിടുന്ന ട്രാന്സ് വുമണ് അഭിരാമിയെ ചേര്ത്തു പിടിക്കാനും നടന് മറന്നില്ല.
എം.ബി.എ. ബിരുദധാരിയായ അഭിരാമിയുടെ വലിയ സ്വപ്നമാണ് സിവില് സര്വീസ് നേടുകയെന്നത്. വീടുവിട്ടിറങ്ങിയതിനാല് സാമ്പത്തികസഹായം ആവശ്യമുണ്ടെന്ന് സംഘാടകര് പറഞ്ഞപ്പോഴാണ് തന്റെ പ്രസംഗത്തിനിടെ സുരേഷ്ഗോപി സഹായം പ്രഖ്യാപിച്ചത്.
അഭിരാമിക്ക് അടുത്തദിവസംതന്നെ പരിശീലനകേന്ദ്രത്തില് ചേരാമെന്നും കേരളത്തിലെ ഏതെങ്കിലും ജില്ലയിലെ കളക്ടറായി വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ട്രാന്സ് സമൂഹത്തിന് തന്റെ ഓണസമ്മാനമാണ് ഇതെന്നും സുരേഷ്ഗോപി പറഞ്ഞു. അച്ഛനും മറ്റൊരു മകളും എന്നാണ് സുരേഷ്ഗോപി അഭിരാമിയെ ചേര്ത്തുനിര്ത്തി വിശേഷിപ്പിച്ചത്.
അവതാരകയുടെ ആവശ്യപ്രകാരം കമ്മിഷണര് സിനിമയിലെ ഡയലോഗും വേദിയില് പറഞ്ഞ് സുരേഷ്ഗോപി സദസ്സിനെ കൈയിലെടുത്തു.