തൃശൂർ: വിശ്വാസികളായ അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം സ്വാഗതാർഹമായ ചിന്തയാണെന്ന് സുരേഷ്ഗോപി എംപി. ക്ഷേത്രത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിച്ച് വിശ്വാസികളായ അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നത് അനുകൂലിക്കാവുന്ന കാര്യമാണെന്നും ആധുനിക കാലത്ത് അത്തരം കാര്യങ്ങളിൽ ചിന്ത പുലർത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ ജില്ല സിബിഎസ്ഇ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം.
യേശുദാസ് അടക്കമുള്ളവർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണം. മതാചാര ചടങ്ങുകൾക്ക് വിഘ്നം സംഭവിക്കാതെയും മതവികാരം ചോദ്യം ചെയ്യപ്പെടാതെയും തന്ത്രികൾ പറയുന്ന ശുദ്ധിനിലനിർത്തിക്കൊണ്ടും ഇക്കാര്യം പരിഗണിക്കാം. ഇത് ഒരു മതത്തിനും മേലുള്ള കടന്നുകയറ്റമല്ലെന്നും സുരേഷ്ഗോപി പറഞ്ഞു.