തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങിയെന്ന വാർത്ത തെറ്റെന്ന് സ്ഥിരീകരണം. സുരേഷ് ഗോപിയുടെ സഹായി സിനോജിന്റെ തൊണ്ടയിലാണ് മുള്ള് കുടുങ്ങിയതെന്നും അദ്ദേഹം ചികിത്സ തേടിയതായും ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.
ബുധനാഴ്ച തീരദേശ മേഖലയിലെ പര്യടനത്തിനിടെ ഭക്ഷണം കഴിക്കുന്നതിനിടെ സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയെന്ന് വാര്‍ത്തയാണ് പ്രചരിച്ചിരുന്നത്. ആശുപത്രിയിൽ എത്തിച്ച് മുള്ള് നീക്കം ചെയ്തതിനു ശേഷമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തതെന്നും വാർത്തകൾ പരന്നു.
ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മണ്ഡലത്തിലെ പല വീടുകളിൽനിന്നും സുരേഷ് ഗോപി ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകൾ ഇറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങിയതായുള്ള വാർത്തയും പ്രചരിച്ചത്.