കൊല്ലം: സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായതിൽ കൊല്ലത്തിനും അഭിമാനിക്കാൻ വകയേറെ.ജന്മം കൊണ്ട് ആലപ്പുഴക്കാരനാണെങ്കിലും അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും യൗവനത്തിന്റെ നല്ലൊരു പങ്കും കൊല്ലത്തായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പുതിയ സ്ഥാനലബ്ധി ദേശിംഗനാടിന് ലഭിച്ച ദേശീയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
പിതാവ് കെ. ഗോപിനാഥൻ പിള്ള കൊല്ലം സ്വദേശിയും മാതാവ് വി. ജ്ഞാനലക്ഷ്മിയമ്മ ആലപ്പുഴക്കാരിയുമാണ്. പിതാവ് ആലപ്പുഴയിൽ ലക്ഷ്മി ഫിലിംസ് എന്ന പേരിൽ ഡിസ്ട്രിബ്യൂഷൻ കമ്പനി നടത്തിവരികയായിരുന്നു. 1958 ജൂൺ 26-നായിരുന്നു സുരേഷ് ഗോപിയുടെ ജനനം.
ചെറുപ്രായത്തിൽ തന്നെ കുടുംബം പിതാവിന്റെ കൊല്ലം മാടൻനടയിലുള്ള അച്ഛന്റെ വീട്ടിലേക്കു താമസം മാറി.
തുടർന്ന് സുരേഷ് ഗോപി വളർന്നതും വിദ്യാഭ്യാസം ചെയ്തതും കൊല്ലം നഗരത്തിലാണ്. തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉപരി പഠനം നടത്തിയത് കൊല്ലത്തെ ഫാത്തിമാ മാതാ നാഷണൽ കോളജിലും.പഠനത്തിൽ ഏറെ മിടുക്കനായിരുന്ന ഇദ്ദേഹം സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കോളജ് പഠനകാലത്ത് എസ്എഫ്ഐയുടെ സജീവ പ്രവർത്തകനുമായിരുന്നു.
ചലച്ചിത്ര വിതരണ കമ്പനി നടത്തിയിരുന്നത് കാരണം സിനിമാ രംഗത്തെ പല പ്രമുഖരുമായും പിതാവിന് അടുപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുരേഷ് ഗോപിയെ സിനിമാ നടനാക്കണമെന്ന് മാതാപിതാക്കൾക്ക് വലിയ ആഗ്രഹവുമായിരുന്നു. ഇരുവരുടെയും സ്വപ്നം മകൻ പിന്നീട് സഫലമാക്കുകയും ചെയ്തു. ഇപ്പോൾ സുരേഷ് ഗോപി അറിയപ്പെടുന്നത് നടൻ എന്ന നിലയിൽ മാത്രമല്ല.
ഗായകൻ, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും അദ്ദേഹം ഏറെ പ്രശസ്തനാണ്. തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ വിജയത്തോടെ രാഷ്ട്രീയത്തിലും അദ്ദേഹം തന്റെ കൈയൊപ്പ് ചാർത്തിക്കഴിഞ്ഞു.തനി കൊല്ലംകാരനായ ഇദ്ദേഹം വിവാഹ ശേഷമാണ് തിരുവനന്തപുരം ശാസ്തമംഗലത്ത് സ്ഥിരതാമസമാക്കിയത്. അപ്പോഴും കൊല്ലവുമായുള്ള ബന്ധത്തിന് ഒട്ടും ഉലച്ചിൽ സംഭവിച്ചില്ല.
പഴയ സഹപാഠികളുമായും നാട്ടുകാരുമായും ഇപ്പോഴും ഊഷ്മളമായ ബന്ധമാണുള്ളത്. മാടൻനടയിലെ വീടിനു സമീപത്തെ കൊല്ലൂർവിള ഭരണിക്കാവ് ക്ഷേത്രത്തിൽ അദ്ദേഹം മുടക്കം കൂടാതെ എല്ലാ മാസവും ദർശനത്തിന് എത്തും. ക്ഷേത്രോത്സവ ചടങ്ങിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഇതുവരെ മുടങ്ങിയിട്ടില്ല. ക്ഷേത്ര ശ്രീകോവിൽ അടക്കം പുതുക്കിപ്പണിതു നൽകിയതും അദ്ദേഹമാണ്.
വീടിന് സമീപമുള്ള കൊല്ലൂർവിള ഭരണിക്കാവ് ടികെപിഎം എൻഎസ്എസ് യുപിഎസിന്റെ അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളിലടക്കം സുരേഷ് ഗോപിയുടെ ഇടപെടൽ അദ്ദേഹത്തിന്റെ സേവന സന്നദ്ധതയുടെ നേർസാക്ഷ്യമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സുരേഷ് ഗോപിക്ക് മൂന്ന് ആൺ സഹോദരങ്ങളാണുള്ളത്.
സുഭാഷ് ഗോപിയാണ് സുരേഷ് ഗോപിയുടെ സിനിമാ രംഗത്തെ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്.മറ്റൊരു സഹോദരൻ സുനിൽ ഗോപി ചെന്നൈയിൽ ബിസിനസ് നടത്തുന്നു. മൂന്നാമൻ സനിൽ ഗോപി അമേരിക്കയിൽ കാർഗോ പൈലറ്റായി സേവനം അനുഷ്ഠിക്കുന്നു.