കൊച്ചി: സിനിമയില്‍ അഭിനയിക്കാനായില്ലെങ്കില്‍ ചത്തുപോകുമെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് സുരേഷ് ഗോപിയെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.
അഭിനയിക്കാന്‍ അനുവാദം ചോദിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
“ചെയ്തുതീര്ക്കാന് സിനിമകള്‍ കുറേയുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അമിത്ഷാ പേപ്പര്‍ മാറ്റിവച്ചതാണ്. പക്ഷേ അനുവദിക്കാമെന്നു പറഞ്ഞിട്ടുണ്ട്. മന്ത്രിസ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ചെയ്യാനുള്ള സൗകര്യം ഉണ്ടാകണമെന്നാണ് ആഗ്രഹം.
സെപ്റ്റംബര്‍ ആറിന് ഞാന്‍ ഒറ്റക്കൊമ്പന് സിനിമ തുടങ്ങുകയാണ്. എന്തുതന്നെയായാലും ഞാന്‍ സെപ്റ്റംബര്‍ ആറിന് ഇങ്ങു പോരും. ഇനി അതിന്റെ പേരില്‍ അവര്‍ പറഞ്ഞയക്കുകയാണെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ’’-സുരേഷ് ഗോപി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പരോക്ഷമായി പ്രതികരിക്കവെ, സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.