തൃശൂർ: ഇത്തവണ ജനങ്ങൾ മനസറിഞ്ഞ് വോട്ടു ചെയ്യുമെന്നും തനിക്ക് ജനങ്ങളെ വിശ്വാസമുണ്ടെന്നും തൃശൂർ ലോക്സഭ എൻഡിഎ സ്ഥാാർഥി സുരേഷ്ഗോപി. തികഞ്ഞ വിജയപ്രതീക്ഷയും ആത്മവിശ്വാസവും തനിക്കുണ്ടെന്നും നാമനിർദ്ദേശപത്രിക സമർപിക്കുന്നതിനു മുന്നോടിയായി സുരേഷ്ഗോപി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കഴിഞ്ഞ കുറെ മാസങ്ങളായി നല്ല ആത്മവിശ്വാസമുണ്ട്. ജനങ്ങളോട് കൂടുതലായിട്ട് ഒന്നും പറയേണ്ടതില്ല. അവർക്കെല്ലാം അറിയാം. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മനസറിഞ്ഞ് വോട്ട് ചെയ്യും.
അവർക്ക് വേണ്ടിയും അവരുടെ രാജ്യത്തിന് വേണ്ടിയുമാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്. അത് തന്നെയാണ് എന്റെ ആത്മവിശ്വാസവും. ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളെല്ലാം നടത്തി കാണിക്കണം. എന്താണ് ഉത്തരവാദിത്വം എന്നത് നല്ല രീതിയിൽ കാണിച്ചുകൊടുക്കും-സുരേഷ്ഗോപി പറഞ്ഞു.
കരുവന്നൂരിലെ പണം കവർന്നവർക്കെതിരെ ഇ ഡി നടപടിയെടുത്തില്ലെങ്കിൽ ഇഡിയിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതാകുമെന്ന് സുരേഷ്ഗോപി അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാർ പട്ടാളത്തെ നിർത്തിയിട്ടാണെങ്കിലും കരുവന്നൂരിലെ പണം കൊടുപ്പിക്കണം. ഇത് പ്രജാരാജ്യമാണെന്നും ജനങ്ങൾ ഉലയാതിരിക്കാനാണ് ഇഡിയെന്നും അവരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും സുരേഷ്ഗോപി പറഞ്ഞു.
സ്വന്തം ലേഖകൻ