കണ്ണൂർ: സംസ്ഥാനത്ത് ബിജെപി-യുഡിഎഫ് കൂട്ടുകെട്ട് തുറന്നു പറയുകയാണ് സുരേഷ് ഗോപി ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി കൺവൻഷൻ സെന്ററിൽ തിങ്കളാഴ്ച രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫുമായി ധാരണയുള്ള കാര്യം മറ്റു ബിജെപി നേതാക്കൾ രഹസ്യമായി വച്ചപ്പോൾ സുരേഷ് ഗോപി തുറന്നുപറഞ്ഞു. ഇതു നാക്കുപിഴയായി കരുതാൻ പറ്റില്ല.
ബിജെപി സ്ഥാനാർഥികളില്ലാത്ത ഗുരുവായൂരിലും തലശേരിയിലും യുഡിഎഫുമായി വോട്ടുകച്ചവടം ഉറപ്പിച്ചുകഴിഞ്ഞു. ദേവികുളത്തും ഇതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുരുവായൂരിൽ കെ.എൻ.എ. ഖാദർ ജയിച്ചുവരണമെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. പൗരത്വനിയമ ഭേദഗതിക്കെതിരേ കേരള സർക്കാർ പാസാക്കിയ നിയമത്തിൽ ഒപ്പിട്ടതാണ് കെ.എൻ.എ. ഖാദർ.
എന്നാൽ ഇപ്പോൾ കെ.എൻ.എ. ഖാദറിന്റെ നിലപാടിൽ മാറ്റം വന്നിരിക്കുകയാണ്. ഇത് ബിജെപിയുമായുള്ള ധാരണയുടെ തെളിവാണ്. കൂടുതൽ മണ്ഡലങ്ങളിൽ യുഡിഎഫുമായി ബിജെപി കച്ചവടം ഉറപ്പിച്ചുവരികയാണ്.
കേന്ദ്രത്തിന്റെ പല നയങ്ങളെയും എതിർക്കുവാൻ യുഡിഎഫ് വിമുഖത കാണിക്കുന്നതിന്റെ പിന്നിൽ ഈ വോട്ടുകച്ചവടമാണെന്നും പിണറായി ആരോപിച്ചു.പഴയ കോ-ലീ-ബി സംഖ്യത്തിന്റെ വിശാലമായ രൂപമാണ് ഇപ്പോഴുള്ളത്.
നേമത്ത് അക്കൗണ്ട് തുറക്കാൻ ബിജെപിയെ സഹായിച്ചത് കോൺഗ്രസാണ്. നേമത്ത് ജയിപ്പിച്ചപ്പോൾ തൊട്ടപ്പുറത്ത് കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിച്ചു. വോട്ട് ധാരണയ്ക്ക് പിന്നിൽ ബിജെപിക്ക് കൃത്യമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ കേന്ദ്ര ഏജൻസികൾക്കെതിരേയല്ല. നിയമവിരുദ്ധ കാര്യങ്ങൾ പുറത്തുവരാൻ ജുഡീഷ്യൽ അന്വേഷണം സഹായിക്കും. ഗോസിപ്പുകൾ കൊണ്ട് ഞങ്ങളുടെ പൊതുജീവിതം തകർക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.