തൃശൂർ: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെ തടഞ്ഞു കൈയേറ്റത്തിനു ശ്രമിച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നുമുള്ള പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരേ കേസ്.
റിപ്പോർട്ടർ ചാനൽ, മനോരമ ചാനൽ, മീഡിയ വണ് എന്നീ ചാനലുകളുടെ റിപ്പോർട്ടർമാരും കാമറസംഘവും ചേർന്ന ഒരുകൂട്ടം പ്രതികൾ 27ന് ഉച്ചയ്ക്കു 12.45ന് സംസ്ഥാന ഗസ്റ്റ് ഹൗസ് ആയ തൃശൂർ രാമനിലയത്തിലേക്ക് അനുവാദമില്ലാതെ പ്രവേശിച്ച് ഒൗദ്യോഗിക സന്ദർശനത്തിനിടെ വിശ്രമത്തിനെത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാറിൽ കയറാതെ തടഞ്ഞെന്നും മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ വിഷ്ണു രാജിനെ ഭീഷണിപ്പെടുത്തി തള്ളിമാറ്റിയെന്നുമാണു കേസ്.
ഭാരതീയ ന്യായ സംഹിതയിലെ 329 (3), 126(2), 132 എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്. അനധികൃത കടന്നുകയറ്റം, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണിത്. സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയ്ക്കു സുരേഷ് ഗോപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും റിപ്പോർട്ട് തേടി.
സുരേഷ് ഗോപിയുടെ സുരക്ഷ വർധിപ്പിക്കുന്ന കാര്യത്തിലും തീരുമാനമായെന്നാണു വിവരം. സുരേഷ് ഗോപിക്കെതിരേ നൽകിയ പരാതി, സുരേഷ് ഗോപി നൽകിയ പരാതി എന്നിവയുടെ വിവരങ്ങൾ സംസ്ഥാന പോലീസ് കേന്ദ്രസർക്കാരിനെ അറിയിച്ചു. ഡൽഹി പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചെന്നാണു സൂചന. പ്രശ്നത്തിൽ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോടു വിശദീകരണം തേടി.
നേരത്തേ, സുരേഷ് ഗോപി രാമനിലയത്തിൽ മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയതെന്ന് ചൂണ്ടിക്കാട്ടി കെപിസിസി നിർവാഹക സമിതിയംഗം അനിൽ അക്കര നൽകിയ പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണു സുരേഷ് ഗോപിയുടെ പരാതി.
അനിൽ അക്കരയുടെ പരാതിയിൽആരോപിച്ച വിവരങ്ങളുടെ പരിശോധന മാത്രമാണു നടത്തുന്നതെന്നും കേന്ദ്രമന്ത്രിക്കെതിരേ കേസെടുത്തില്ലെന്നും സിറ്റി പോലീസ് അറിയിച്ചു. എസിപി സലീഷ് എൻ. ശങ്കരനാണു പ്രാഥമിക അന്വേഷണ ചുമതല. കോണ്ഗ്രസ് സംഘടിപ്പിക്കുന്ന കളക്ടറേറ്റ് ധർണയ്ക്കുശേഷം മൊഴി നൽകുമെന്നാണ് അനിൽ അക്കര അറിയിച്ചത്. ഈ പരിസരത്തുണ്ടായിരുന്ന മാധ്യമ പ്രവർത്തകരിൽനിന്നും മൊഴിയെടുക്കും.