തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മാലയിൽ പുലിപ്പല്ലുണ്ടെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി. ഐഎൻടിയുസി യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിമാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.
പുലിപ്പല്ല് എങ്ങനെ ലഭിച്ചുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ ലംഘനമാണിതെന്നും പരാതിയിൽ പറയുന്നു. പുലിപ്പല്ല് ഉപയോഗിച്ച കേസിൽ വേടൻ എന്ന ഹിരൺ ദാസ് മുരളി നടപടി നേരിടുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിക്കെതിരെ ഇത്തരത്തിൽ ഒരു പരാതി.
കഞ്ചാവ് കേസില് എക്സൈസ് പിടികൂടിയതിന് പിന്നാലെയാണ് വേടന്റെ കഴുത്തിലെ പുലിപ്പല്ല് ലോക്കറ്റിലേയ്ക്ക് വനംവകുപ്പിന്റെ അന്വേഷണം നീണ്ടത്. വനംവകുപ്പ് നടത്തിയ വിശദമായ പരിശോധനയില് വേടന്റെ കഴുത്തില് കിടന്നത് പുലിപ്പല്ലാണെന്ന് വ്യക്തമായി. ഇതോടെ വനംവകുപ്പ് വേടനെ അറസ്റ്റ് ചെയ്തു.